അബുജ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി. ഇസ്ലാം തീവ്രവാദികളായ ഫുലാനികളും മറ്റ് ഇതര ഇസ്ലാമിക തീവ്രവാദ സംഘടനകളും ചേര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ പതിനഞ്ചോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയ്ക്ക് ശേഷം ക്രിസ്ത്യാനിയായ ഒരു സ്ത്രീയുടെ സ്തനങ്ങള്‍ അറത്തു മാറ്റിയതായും പ്രദേശവാസികളെ ഉദ്ധരിച്ച് 'ക്രിസ്റ്റ്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് മധ്യ-വടക്കന്‍ നൈജീരിയയിലെ ഒബി കൗണ്ടിയിലെ ഗിദാന്‍ ഇറ്റ്യോട്ടേവ് ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മോസസ് സാകു, അവോണ്ടോഫാ സാകു എന്നിവരെ കൊലപ്പെടുത്തിയതിന് പുറമേ, ക്വാഗ്ദൂ സാകു എന്ന ക്രൈസ്തവ വനിതയുടെ സ്തനങ്ങള്‍ ഫുലാനികള്‍ ഛേദിച്ചുകളയുകയായിരിന്നുവെന്ന് പ്രാദേശിക കൂട്ടായ്മയുടെ നേതാവായ ഉക്പു അബ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനയച്ച സന്ദേശത്തില്‍ പറയുന്നു. യൂണിവേഴ്‌സല്‍ റിഫോംഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് സമൂഹാംഗങ്ങളാണ് ഇവര്‍.
ഗ്രാമത്തില്‍ പ്രവേശിച്ച ഫുലാനികള്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന ക്രൈസ്തവര്‍ക്കെതിരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കിയാന കൗണ്ടിയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ഗിദാന്‍ സുലെയില്‍ ഒക്ടോബര്‍ എട്ടിന് നടന്ന ആക്രമണത്തില്‍ പത്ത് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ ഭവനരഹിതരാകുകയും ചെയ്തതായി ടിവ് ഡെവലപ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റായ പീറ്റര്‍ അഹെംബ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പിറ്റേദിവസമാണ് കണ്ടെത്തിയത്.
ഫുലാനികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഫെബ്രുവരിയില്‍ നടക്കുവാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ടിവ് ക്രൈസ്തവരെ ഒഴിവാക്കുവാനുള്ള തന്ത്രമാണ് ഈ ആക്രമണമെന്നാണ് അഹെംബ പറയുന്നത്. തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ കിയാന്‍ കൗണ്ടിയിലെ ക്വാര ജില്ലയിലെ അന്റ്‌സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായും അഹെംബ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് നൈജീരിയയിലാണ്. തലേ വര്‍ഷം 3,530 ക്രൈസ്തവര്‍ കൊല്ലപ്പെട്ടപ്പോള്‍ 2021 ല്‍ കൊല്ലപ്പെട്ടത് 4,650 പേരാണെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്‌സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നത്. 2020 ല്‍ 990 പേരെ തട്ടിക്കൊണ്ടു പോയപ്പോള്‍ 2500 ലധികം പേരെയാണ് കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടു പോയത്.
ദേവാലയ ആക്രമണങ്ങളുടെ കാര്യത്തില്‍ ചൈനയ്ക്ക് തൊട്ടു പിന്നിലാണ് നൈജീരിയയുടെ സ്ഥാനം. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന നൈജീരിയയുടെ സ്ഥാനം 2022 ലെ പട്ടികയില്‍ ഏഴാമതാണ്. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ നൈജീരിയന്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വീണ്ടും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.