ക്രിസ്തീയ പീഡനം അതിരൂക്ഷമായ നൈജീരിയയിൽ ഭീകരാക്രമണ സാധ്യത വർധിച്ചു; യുഎസ് എംബസി ജീവനക്കാരോടും കുടുംബങ്ങളോടും അബൂജ വിടാൻ ഉത്തരവ്

ക്രിസ്തീയ പീഡനം അതിരൂക്ഷമായ നൈജീരിയയിൽ ഭീകരാക്രമണ സാധ്യത വർധിച്ചു; യുഎസ് എംബസി ജീവനക്കാരോടും കുടുംബങ്ങളോടും അബൂജ വിടാൻ ഉത്തരവ്

അബൂജ: ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ അതിരൂക്ഷമായി തുടർന്ന നൈജീരിയയിൽ തീവ്രവാദ ആക്രമണങ്ങൾ തുടർക്കഥയായതോടെ അബൂജയിലുള്ള യുഎസ് എംബസി ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടു. ഇനിയും തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തതാണ് ഉത്തരവ്.

നൈജീരിയയിൽ കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, തീവ്രവാദം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ, കടൽ കുറ്റകൃത്യങ്ങൾ എന്നിവ കാരണം ഇവിടേക്കുള്ള യാത്ര ആവശ്യമാണോ എന്ന് പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുന്ന ലെവൽ 3 യാത്രാ ഉപദേശവും ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചു.

നൈജീരിയൻ തലസ്ഥാനമായ അബൂജയിൽ ആസൂത്രിതമായ ഭീകരാക്രമണങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഈ ആഴ്ച ആദ്യം യുഎസ് സർക്കാർ ജീവനക്കാരെയും കുടുംബാംഗങ്ങളെയും അടിയന്തരമായി വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി.

സർക്കാർ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, അത്‌ലറ്റിക് ഒത്തുചേരലുകൾ, ഗതാഗത ടെർമിനലുകൾ, നിയമപാലക സൗകര്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവ തീവ്രവാദികളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാം. അതേസമയം ലക്ഷ്യങ്ങൾ ഈ പറഞ്ഞവയിൽ മാത്രം ഒരുപക്ഷെ പരിമിതപ്പെടണമെന്നില്ല എന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു.

തീവ്രവാദം മുതൽ തട്ടിക്കൊണ്ടുപോകൽ, കടലിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ എന്നിവ വരെയുള്ള അപകടസാധ്യതകൾ കാരണം ഇവിടേക്ക് യാത്ര ചെയ്യരുത് എന്നാൽ പട്ടികയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 15 നൈജീരിയൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് പൗരന്മാർക്കും യുകെ സർക്കാർ സമാനമായ ഉപദേശം നൽകിയിട്ടുണ്ട്. നൈജീരിയൻ തലസ്ഥാനത്തേക്കുള്ള അനാവശ്യ യാത്രകൾ പാടില്ലെന്ന് ബ്രിട്ടൻ പൗരന്മാരോട് നിർദ്ദേശിച്ചു. കൂടാതെ 12 നൈജീരിയൻ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും എതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിവിധ പ്രദേശങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ തൊണ്ണൂറോളം ക്രൈസ്തവരാണ് നൈജീരിയയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ബെന്യു സംസ്ഥാനത്തെ ഉക്കും പ്രവിശ്യയിലുണ്ടായ ക്രൂരമായ ആക്രമണത്തിൽ 70 ലേറെ ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പുറമെ അടുത്തിടെ വടക്കന്‍ നൈജീരിയയിലെ ഒബി കൗണ്ടിയിലെ ഗിദാന്‍ ഇറ്റ്യോട്ടേവ് ഗ്രാമത്തില്‍ ഫുലാനികളും മറ്റ് ഇസ്ലാമിക തീവ്രവാദികളും നടത്തിയ ആക്രമണത്തില്‍ പതിഞ്ചോളം പേരാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലക്ക് പുറമേ ക്രൈസ്തവരായ സ്ത്രീകളുടെ സ്തനങ്ങള്‍ അറത്തുമാറ്റിയതായും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളിൽ പറയുന്നു.

എന്നാൽ രാജ്യത്തിന്റെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറിയിൽ നിലവിൽ ഭീഷണികളൊന്നുമില്ലെന്നാണ് നൈജീരിയൻ പോലീസ് മേധാവി ഉസ്മാൻ അൽകലി ബാബയുടെ വിശദീകരണം. അതിനാൽ അബൂജ നിവാസികളുടെ തീവ്രവാദത്തെ കുറിച്ചുള്ള ഭയം അകറ്റി അവരോട് സാധാരണ ജീവിതത്തിലേക്ക് വരുവാൻ പോലീസ് ആവശ്യപ്പെടുന്നു. ഏത് തരം സുരക്ഷാ ഭീഷണിയും മുളയിലേ നുള്ളിക്കളയാനും അതിക്രമങ്ങളോട് പൊരുതാനും നിയമപാലകർ സജ്ജരാണെന്ന് ഉസ്മാൻ അൽകലി ബാബയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടാതെ എല്ലാ ഭീഷണികളും ഇല്ലാതാക്കുന്നതിനും രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് നൈജീരിയൻ പോലീസ്‌ പ്രതിജ്ഞാബദ്ധരാണെന്നും ഐജിപി പ്രസ്താനയിൽ കൂട്ടിച്ചേർത്തു.

2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത് നൈജീരിയയിലാണ്. തൊട്ടുമുന്‍പിലത്തെ വര്‍ഷം 3,530 ക്രൈസ്തവര്‍ കൊല്ലപ്പെട്ടപ്പോള്‍ 2021-ല്‍ കൊല്ലപ്പെട്ടിരിക്കുന്നത് 4,650 പേരാണെന്നാണ്‌ അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നത്.

2020-ല്‍ 990 പേര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോകപ്പെട്ടത് 2,500-ലധികം പേരാണ്. ദേവാലയ ആക്രമണങ്ങളുടെ കാര്യത്തില്‍ ചൈനക്ക് തൊട്ടുപിന്നില്‍ തന്നെ നൈജീരിയയുമുണ്ട്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ മുന്‍പ് ഒൻപതാം സ്ഥാനത്തായിരുന്ന നൈജീരിയയുടെ സ്ഥാനം 2022-ലെ പട്ടികയില്‍ ഏഴാമതാണ്.

രാജ്യത്ത് നടക്കുന്ന ക്രൈസ്തവ കൂട്ടക്കൊലകളില്‍ നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി തുടരുകയാണ്. നൈജീരിയയുടെ തെക്കൻ മേഖലയിൽ മോചനദ്രവ്യത്തിനും കടൽ കുറ്റകൃത്യങ്ങൾക്കുമായി വ്യാപകമായ തട്ടിക്കൊണ്ടുപോകലുകളും സാധാരണമാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.