തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുന്നതോടൊപ്പം ബംഗാൾ ഉൾകടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി ചക്രവാതചുഴിയും രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുലാവർഷത്തിന്റെ ഭാഗമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണ് ചക്രവാതചുഴി രൂപപ്പെടുന്നത്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയിൽ നിന്ന് കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബർ നാല് വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവർഷം കൂടുതൽ ഭീഷണി ഉയർത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.