വാഷിംഗ്ടണ്‍: ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഗ്രൂപ്പിലെ (ഐഎസ്) വനിതകളുടെ ബറ്റാലിയനെ നയിച്ചിരുന്നുവെന്ന് സമതിച്ച യുഎസ് വനിതയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ.
കന്‍സാസില്‍ നിന്നുള്ള 42 കാരിയായ അലിസണ്‍ ഫ്‌ളൂക്ക്-എക്‌റെന്‍ എട്ടു വര്‍ഷത്തോളം ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തു വയസുകാരിയുള്‍പ്പടെ 100ലധികം വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൈനിക പരിശീലനം നല്‍കിയിരുന്നുവെന്നും അവര്‍ സമ്മതിച്ചു. കഴിഞ്ഞ ജൂണില്‍ ഇവര്‍ കുറ്റം സമതിച്ചു.
നിയമപരമായി അനുവദനീയമായ പരമാവധി ശിക്ഷ അവര്‍ക്ക് പര്യാപ്തമല്ലെങ്കിലും അത് പരിഗണിക്കാതെ തന്നെ ചുമത്തേണ്ടിവരുമെന്ന് വിധിക്കു മുന്നോടിയായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന സിറിയയിലെ അനുഭവങ്ങള്‍ അവരെ ആഘാതത്തിലാഴ്ത്തിയെന്നും അതുകൊണ്ട് ശിക്ഷയില്‍ ഇളവുണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ പ്രതിരോധിച്ചു.
കന്‍സാസിലെ ഓവര്‍ബ്രൂക്കില്‍ ചെറിയൊരു സമൂഹത്തില്‍ വളര്‍ന്ന മുന്‍ അധ്യാപിക ഐഎസ് സൈനിക നിരകളിലൂടെ വളര്‍ന്ന് കൊടും തീവ്രവാദിയായെന്ന് കോടതി രേഖകള്‍ പറയുന്നു.
ഐഎസില്‍ പല വനിതകളും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പുരുഷാധിപത്യമുള്ളൊരു സംഘത്തില്‍ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന അപൂര്‍വം സ്ത്രീകളിലൊന്നാണ് ഫ്‌ളൂക്ക് -എക്‌റെന്‍.
നീതി ന്യായ വകുപ്പും പൊതു രേഖകളും അനുസരിച്ച് 2000ത്തിന്റെ തുടക്കത്തില്‍ ലിബിയന്‍ തീവ്രവാദി ഗ്രൂപ്പായ അന്‍സാര്‍ അല്‍-ശരിയയുടെയും ഐഎസിലെയും അംഗമായിരുന്ന മരിച്ചു പോയ രണ്ടാം ഭര്‍ത്താവുമൊന്നിച്ചാണ് അവര്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയത്. ഇക്കാലത്ത് ഇടയ്ക്കിടെ കന്‍സാസ് സന്ദര്‍ശിച്ചിരുന്നു.
2012 ലോ അതിനോടടുത്തോ ആണ് അവര്‍ സിറിയയിലേക്ക് കടന്നതും ഐഎസില്‍ സജീവ അംഗമായതും. ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ശേഷം അവര്‍ നിരവധി തീവ്രവാദികളെ വിവാഹം കഴിച്ചു. ബംഗ്ലാദേശി ഡ്രോണ്‍ സ്‌പെഷ്യലിസ്റ്റ് ഉള്‍പ്പെടെ അവളുടെ തുടര്‍ന്നുള്ള രണ്ട് ഭര്‍ത്താക്കന്‍മാര്‍ ഗ്രൂപ്പിനു വേണ്ടി പോരാടി കൊല്ലപ്പെട്ടു.
ഏകദേശം നാലു വര്‍ഷത്തിനു ശേഷം ഗ്രൂപ്പിന്റെ തലസ്ഥാനമായ സിറിയയിലെ റാഖയില്‍ സ്ഥാപിതമായ ഖത്തീബ നുസൈബ എന്ന ഐഎസ് വനിത ബറ്റാലിയന്റെ നേതാവും സംഘാടകയുമായി. എകെ-47, ഗ്രനേഡുകള്‍, ചാവേര്‍ ബെല്‍റ്റുകള്‍ എന്നിവ ഉപയോഗിക്കുന്നതുള്‍പ്പടെ വനിതകള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു അവരുടെ പ്രധാന ദൗത്യം എന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.
യുഎസില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുള്ളവരെ അവര്‍ റീക്രൂട്ട് ചെയ്തതായും ആരോപിക്കപ്പെടുന്നു.
ഫ്‌ളൂക്ക്-എക്‌റെന്‍ ''ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുകയും അവരെ കൊല്ലാന്‍ പരിശീലിപ്പിക്കുകയും ചെയ്തു'' എന്നാണ് ശിക്ഷാ കുറിപ്പില്‍ ഫസ്റ്റ് അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി രാജ് പരേഖ് കുറിച്ചത്.
''ശാരീരികമായും മാനസികമായും വൈകാരികമായും ലൈംഗികമായും ദുരുപയോഗം ചെയ്തുകൊണ്ട് സ്വന്തം മക്കളെ ക്രൂരതയുടെ അഗാധതകളിലേക്ക് ആഴ്ത്തിക്കൊണ്ട് അവര്‍ ഭീകരതയുടെ പാത വെട്ടിത്തെളിച്ചു''വെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗീകമായി അവര്‍ തങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് 12 മക്കളില്‍ രണ്ടു പേര്‍ കോടതിക്ക് അയച്ച കത്തില്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഐഎസില്‍ പങ്കാളിയായിരുന്നെന്ന് സമതിക്കുന്നുണ്ടെങ്കിലും ദുരുപയോഗ ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നാണ് ഫ്‌ളൂക്ക് എക്‌റന്റെ അഭിഭാഷകര്‍ പറഞ്ഞത്.
ഐഎസില്‍ ചേര്‍ന്ന യുഎസ് പൗരന്മാരുടെ ആകെ എണ്ണം വ്യക്തമല്ലെങ്കിലും ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണം വ്യക്തമാക്കുന്നത് ഏതാണ്ട് 300 പേര്‍ സിറിയയിലേക്ക് അല്ലെങ്കില്‍ ഇറാഖിലേക്ക് ഇതിനായി യാത്ര ചെയ്തിട്ടുണ്ട് അല്ലെങ്കില്‍ ശ്രമിച്ചിട്ടുണ്ടെന്നാണ്.
2020 അവസാനത്തോടെ, തീവ്രവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട 10 പേര്‍ ഉള്‍പ്പെടെ 27 പേരെ തിരിച്ചയച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.