കാലിഫോര്‍ണിയ :ഇലോണ്‍ മസ്‌ക്കിന്റെ ട്വിറ്ററില്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ തുടങ്ങുന്നു. ഇതുസംബന്ധിച്ച ഇമെയില്‍ ജീവനക്കാര്‍ക്ക് അയച്ചു. വെള്ളയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ജീവനക്കാരുടെ സ്റ്റാറ്റസ് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിക്കുമെന്നാണ് വ്യാഴാഴ്ച നല്‍കിയ ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്.
നിങ്ങളുടെ തൊഴിലിനെ ബാധിച്ചില്ലെങ്കില്‍ ട്വിറ്റര്‍ ഇമെയില്‍ വഴി നോട്ടിഫിക്കേഷന്‍ ലഭിക്കും. നിങ്ങളുടെ തൊഴിലിനെ ബാധിക്കുന്നുണ്ടെങ്കില്‍ അടുത്ത ഘട്ടങ്ങളെക്കുറിച്ച് നിങ്ങളുടെ വ്യക്തിപരമായ ഇമെയിലില്‍ അറിയിപ്പു ലഭിക്കുമെന്നും സന്ദേശം പറയുന്നു.
ട്വിറ്റര്‍ സംവിധാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി കമ്പനിയുടെ ഓഫീസുകള്‍ താല്‍ക്കാലികമായി അടഞ്ഞു കിടക്കും. ബാഡ്ജ് ആക്‌സസും സസ്‌പെന്‍ഡ് ചെയും.
ജീവനക്കാര്‍ വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് ഇമെയില്‍ അവസാനിക്കുന്നത്.
കഴിഞ്ഞ ആഴ്ച മസ്‌ക്ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ കമ്പനിയിലെ പകുതിയോളം ജീവനക്കാരെ ലേ-ഓഫ് ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ മെമ്മോ എത്തിയത്.
സിഇഒ പരാഗ് അഗര്‍വാളിനെയും രണ്ട് എക്‌സിക്ക്യൂട്ടീവുകളെയും പുറത്താക്കികൊണ്ടായിരുന്നു ട്വിറ്ററിലെ മസ്‌ക്കിന്റെ തുടക്കം.
മസ്‌ക്ക് ഏറ്റെടുത്ത് ഒരാഴ്ച തികയും മുമ്പു തന്നെ പുറത്താക്കലിലൂടെയും രാജിയിലൂടെയും കമ്പനിയുടെ സി-സ്യൂട്ട് ഏതാണ്ട് തുടച്ചു മാറ്റി. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡും പിരിച്ചു വിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.