രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് സെനറ്റ്; ഗവർണർക്കെതിരെ വീണ്ടും പ്രമേയം; 50 പേർ അനുകൂലിച്ചു

രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് സെനറ്റ്; ഗവർണർക്കെതിരെ വീണ്ടും പ്രമേയം; 50 പേർ അനുകൂലിച്ചു

തിരുവനന്തപുരം: ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ്. ഗവര്‍ണര്‍ രണ്ടംഗ സെർച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് സെനറ്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. സെർച്ച് കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നും സെനറ്റ് ആവശ്യപ്പെട്ടു. സെനറ്റിലെ 50 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഏഴ് പേർ എതിർത്തു.

വൈസ് ചാൻസിലറെ നിയമപരമായ രീതിയിൽ തെരഞ്ഞെടുക്കുന്നതിന് ഗവർണറുടെ നിലപാട് അനുകൂലമല്ലെന്ന് സെനറ്റംഗം കെ എച്ച് ബാബുജാന്‍ പറഞ്ഞു. സർവകലാശാല ഭരണ പ്രതിസന്ധി നേരിടരുത് എന്നുള്ളതാണ് ലക്ഷ്യമെന്നും ബാബുജാന്‍ വ്യക്തമാക്കി. ചാൻസിലർക്കെതിരായല്ല മറിച്ച് നോട്ടിഫിക്കേഷന് എതിരായാണ് പ്രമേയം. ചാൻസിലറും വൈസ് ചാൻസലറും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ഗവർണർ നോട്ടിഫിക്കേഷൻ പിൻവലിച്ചശേഷം സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാം എന്നാണ് അവർ ഇന്നു സ്വീകരിച്ച നിലപാട്. അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയ ശേഷം ആദ്യമായാണ് സെനറ്റ് യോഗം ചേര്‍ന്നത്. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ ഇന്നു ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല. ഇതിൽ 2 പേർ സിപിഎമ്മിന്റെ സിൻഡിക്കറ്റ് അംഗങ്ങളാണ്.

ഗവര്‍ണര്‍ തീരുമാനം പിന്‍വലിക്കുന്ന മുറയ്ക്ക് സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമെന്ന് സെനറ്റ് അംഗങ്ങള്‍ വ്യക്തമാക്കി.അതുവരെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നോട്ടിഫിക്കേഷന്‍ അപൂര്‍ണവും ചട്ടവിരുദ്ധവുമാണ്. കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. ഇത് നിയമപ്രശ്നമാണെന്നും രാഷ്ട്രീയ വിഷയമില്ലെന്നും ഇടത് അനുകൂല സെനറ്റ് അംഗങ്ങള്‍ സൂചിപ്പിച്ചു.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും കമ്മിറ്റിയുടെ രൂപീകരണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ പ്രമേയം ഗവർണർക്കു വിസി അയച്ചു കൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതോടെയാണ് സെനറ്റ് രണ്ടാമതും പ്രമേയം പാസാക്കിയത്.

ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ സെനറ്റ് പ്രമേയം പിൻവലിക്കുന്നത് ഗവർണർക്കു കീഴടങ്ങുന്നതിനു തുല്യമാണെന്ന വാദം ശക്തമായിരുന്നു. ഇതു രാഷ്ട്രീയമായി സിപിഎമ്മിനു ദോഷം ചെയ്യുമെന്നും വിലയിരുത്തലുണ്ടായി. അതിനാൽ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.എം തീരുമാനം.

സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന പ്രമേയത്തിൽ ഉറച്ചു നിൽക്കണമെന്ന് വ്യക്തമാക്കി സെനറ്റ് യോഗം ചേരുന്നതിന് മുന്നോടിയായി തന്നെ സി.പി.എമ്മിന്റെ സെനറ്റ് അംഗങ്ങളെയെല്ലാം എ.കെ.ജി സെന്റ്‌റിലേക്ക് വിളിച്ചുവരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസാരിച്ചിരുന്നു.

ചാൻസലർ കൂടിയായ ഗവർണർക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിനെയും സേർച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വൈകുന്നതിനെയും ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർ നോട്ടിഫിക്കേഷൻ പിൻവലിച്ചശേഷം പ്രതിനിധിയെ തിര‍ഞ്ഞെടുക്കാം എന്ന് സെനറ്റ് നിലപാടെടുത്തത്.

അതിനിടെ, ഇന്നു ചേരുന്ന പ്രത്യേക സെനറ്റ് യോഗം വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്ന സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗത്തിന്റെ അജൻഡയിൽ ഈ വിഷയം ഉൾപ്പെടുത്തിയില്ല. മുൻ പ്രമേയം പിൻവലിക്കാതെ സേർച് കമ്മിറ്റിയിലേക്ക് പുതിയ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധിക്കില്ലെന്ന നിയമപ്രശ്നമുള്ളതാണ് കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.