സ്വന്തം ബഹിരാകാശ നിലയത്തിലേക്ക് പരീക്ഷണത്തിനായി കുരങ്ങുകളെ അയയ്ക്കാനൊരുങ്ങി ചൈന

സ്വന്തം ബഹിരാകാശ നിലയത്തിലേക്ക് പരീക്ഷണത്തിനായി കുരങ്ങുകളെ അയയ്ക്കാനൊരുങ്ങി ചൈന

ബീജിങ്: ബഹിരാകാശ നിലയത്തിലേക്കു കുരങ്ങുകളെ അയക്കാന്‍ പദ്ധതിയിട്ട് ചൈന. ഗുരുത്വാകര്‍ഷണം പൂജ്യമാകുന്ന അവസ്ഥയില്‍ കുരങ്ങുകള്‍ എങ്ങനെ വളരുമെന്നും പ്രത്യുല്‍പാദനം നടത്തുമെന്നും പഠിക്കാനാണ് ഇവരെ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുന്നത്. ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിലാണ് ഗവേഷണം നടത്തുന്നത്.

മൈക്രോ ഗ്രാവിറ്റിയോടും മറ്റ് ബഹിരാകാശ പരിസ്ഥിതിയോടും ജീവികള്‍ എങ്ങനെ പൊരുത്തപ്പെടുമെന്നറിയാന്‍ ഈ പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് ബീജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകനായ ഷാങ് ലു പറഞ്ഞു.

കുരങ്ങുകള്‍ വലിയ മൃഗങ്ങളായതിനാല്‍ ഗുരുത്വാകര്‍ഷണം പൂജ്യമാകുന്ന അവസ്ഥയില്‍ പ്രത്യുത്പ്പാദനം ഏതു രീതിയിലാകുമെന്നറിയാന്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതും അവയുടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും വലിയ ആശങ്കയുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ബഹിരാകാശ നിലയത്തിലെ വെന്റിയന്‍ മൊഡ്യൂളിലാണ് പരീക്ഷണം നടത്തുകയെന്ന് ഷാങ് ലു പറഞ്ഞു. ഇവിടെ വികസിപ്പിക്കാന്‍ കഴിയുന്ന രണ്ട് ബയോളജിക്കല്‍ ടെസ്റ്റ് കാബിനറ്റുകള്‍ക്കുള്ളില്‍ കുരങ്ങുകളെ സൂക്ഷിക്കും. അതേസമയം, പരിചയം ഇല്ലാത്ത സ്ഥലത്ത് പൂട്ടിയിടുമ്പോള്‍ കുരങ്ങുകള്‍ നിഷേധാത്മക പ്രതികരണങ്ങള്‍ കാണിക്കാന്‍ സാധ്യത കൂടുതലാണ്. കളിപ്പാട്ടങ്ങള്‍ നല്‍കിയും പാട്ടുകള്‍ കേള്‍പ്പിച്ചും ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാം. ഒപ്പം മറ്റ് കുരങ്ങുകളുമായി ഇടപഴകാന്‍ അനുവദിച്ചുകൊണ്ട് അവരെ ശാന്തമാക്കാന്‍ സാധിക്കും. കുരങ്ങുകളെ എങ്ങനെ പരിപാലിക്കണം എന്നതും അവരെ സന്തോഷത്തോടെ നിലനിര്‍ത്തണം എന്നുള്ളതും ബഹിരാകാശ സഞ്ചാരികള്‍ക്ക് പുതിയ വെല്ലുവിളിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസേതമയം, പരീക്ഷണം കൗതുകകരമാണെങ്കിലും മൃഗാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരേ രംഗത്തുവന്നേക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ നിലവില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ചെന്‍ ഡോങ്, കായ് സൂഷെ, ലിയു യാങ് എന്നീ ബഹിരാകാശ സഞ്ചാരികള്‍ ജൂണില്‍ എത്തിയിരുന്നു

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെല്ലുവിളിച്ചാണ് ചൈനയുടെ ടിയാങ്ഗോങ് നിലയം പ്രവര്‍ത്തന സജ്ജമാക്കിയത്. കഴിഞ്ഞ ദിവസം ഭൂമിയില്‍നിന്നു വിക്ഷേപിച്ച അവസാനത്തെയും മൂന്നാമത്തെയും മൊഡ്യൂള്‍ ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.