പിഎഫ്‌ഐ പ്രാദേശിക നേതാവിന്റെ വീട്ടിലും സ്ഥാപനത്തിലും എന്‍ഐഎ റെയ്ഡ്; ഹര്‍ത്താലില്‍ നാശനഷ്ടം ഒരു കോടിക്ക് മുകളിലെന്ന് സര്‍ക്കാര്‍

പിഎഫ്‌ഐ പ്രാദേശിക നേതാവിന്റെ വീട്ടിലും സ്ഥാപനത്തിലും എന്‍ഐഎ റെയ്ഡ്; ഹര്‍ത്താലില്‍ നാശനഷ്ടം ഒരു കോടിക്ക് മുകളിലെന്ന്  സര്‍ക്കാര്‍

മലപ്പുറം: നിരോധിത സംഘടനയ പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പ് ഡിവിഷന്‍ സെക്രട്ടറിയായിരുന്ന അസ്ലമിന്റെ വീട്ടിലും അസ്ലമിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി.

പുറങ്ങ് കളത്തില്‍പടിയിലെ തറവാട് വീട്ടിലും കളത്തില്‍പടിയിലെ ഇയാളുടെ സ്വന്തം വീട്ടിലും ഒരേ സമയമാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. ഇന്നു രാവിലെ ആറിനു തുടങ്ങിയ റെയ്ഡ് 10.30 വരെ തുടര്‍ന്നു. പത്തരയോടെ പൊന്നാനി കുണ്ടുകടവിലെ അസ്ലമിന്റെ ട്രാവല്‍സില്‍ നടന്ന റെയ്ഡ് വൈകിട്ട് 3.30 ഓടെയാണ് അവസാനിച്ചത്. 

റെയ്ഡ് നടക്കുന്ന സമയം അസ്ലം വീട്ടിലുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസക്, ട്രാവല്‍സിലെ യാത്രാരേഖകള്‍, പെന്‍ഡ്രൈവ് എന്നിവ എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മുമ്പ് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനാണ് റെയ്ഡ് എന്നാണ് വിവരം.

മാറഞ്ചേരിയിലെ പ്രധാന പോപ്പുലര്‍ഫ്രണ്ട് നേതാവായിരുന്നു അസ്ലം. ഡല്‍ഹിയിലെ എന്‍ഐഎ ഓഫീസില്‍ ഈ മാസം 11 ന് ഹാജരാകാനുള്ള നോട്ടീസ് ബന്ധുക്കള്‍ക്കു നല്‍കിയിട്ടുണ്ട്.

അതേസമയം സെപ്റ്റംബര്‍ 23ന് പോപുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ 1.02 കോടിയുടെ നാശനഷ്ടമെന്ന് സര്‍ക്കാര്‍ കോടതിയില്‍. 86,61,755 രൂപയുടെ പൊതുമുതലും 16,13,020 രൂപയുടെ സ്വകാര്യ സ്വത്തും നശിപ്പിക്കപ്പെട്ടതായി സര്‍ക്കാര്‍ ഹൈകോടതിയില്‍ ബോധിപ്പിച്ചു.

കോടതി നിര്‍ദേശപ്രകാരം റവന്യൂ റിക്കവറി നടപടി ആരംഭിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്തുക്കള്‍ തിട്ടപ്പെടുത്താന്‍ രജിസ്‌ട്രേഷന്‍ ഐജിയുമായി ചേര്‍ന്ന് നടപടിക്ക് സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാര അപേക്ഷകള്‍ പരിഗണിക്കുന്നത് ക്ലെയിംസ് കമീഷണറായി ചുമതലപ്പെടുത്തിയ പി.ഡി. ശാര്‍ങ്ഗധരന്‍ ആയിരിക്കുമെന്നും ആഭ്യന്തര അഡീ. സെക്രട്ടറി ഡി. സരിത സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.

നാശനഷ്ടങ്ങളുടെ ജില്ല തിരിച്ച പട്ടികയും സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് ഹൈകോടതി സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് വിശദീകരണം. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും വിശദീകരണത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.