ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുന തുറന്ന് എല്‍ഡിഎഫ്; ലഘുലേഖകള്‍ വീടുകളിലെത്തിച്ച് പ്രചരണം

ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുന തുറന്ന് എല്‍ഡിഎഫ്;  ലഘുലേഖകള്‍ വീടുകളിലെത്തിച്ച് പ്രചരണം

തിരുവനന്തപുരം: സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പുതിയ പോര്‍മുന മുറന്ന് ഇടതു മുന്നണി. ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ ലഘുലേഖ വീടുകളിലെത്തിക്കുകയാണ് പുതിയ പോരാട്ട തന്ത്രം.

'ഉന്നത വിദ്യാസംരക്ഷണ സമിതി'യുടെ പേരിലിറക്കിയ ലഘുലേഖ ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചു തുടങ്ങി. ഗവര്‍ണറുടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ലഘുലേഖ.

'സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അനുചരന്‍മാരെ നിയമിക്കാനാണ് നീക്കം. ഫയലുകള്‍ ചാന്‍സിലറുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നു. ആറ് കോടി രൂപയുടെ ചാന്‍സിലേഴ്‌സ് ട്രോഫി നഷ്ടപ്പെടുത്തി. ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ധനമന്ത്രിയെ തിരിച്ച് വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമാണ്'- എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ലഘുലേഖയിലുള്ളത്.

അതിനിടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമ നടപടികള്‍ തിരക്കിട്ട് ആലോചിക്കുകയാണ് സര്‍ക്കാര്‍. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം നിയമ നിര്‍മ്മാണം വേണമെന്നിരിക്കെ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി ഉണ്ടാകും.

ഇക്കാര്യം നാളെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. രാജ്യത്തെ മുതിര്‍ന്ന നിയമ വിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചനയിലാണ്. ഗവര്‍ണറോട് ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാല്‍ വിട്ടുവിഴ്ചയ്ക്കില്ലെന്ന സൂചനയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നല്‍കുന്നത്. ഇടത് മുന്നണിക്കും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമര്‍ശനവുമായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.