ന്യൂഡല്‍ഹി: വിദ്യാഭ്യാസം നല്‍കുക എന്നത് ലാഭം കൊയ്യുന്ന വെറും കച്ചവടമല്ലെന്ന് സുപ്രീം കോടതി. സ്വകാര്യ അണ്‍ എയ്ഡഡ് മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് കോഴ്‌സിന് ചുമത്തുന്ന വാര്‍ഷിക ട്യൂഷന്‍ ഫീസ് 24 ലക്ഷം രൂപയാക്കിയ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിലാണ് കോടതിയുടെ നിരീക്ഷണം. ഉയര്‍ന്ന ട്യൂഷന്‍ ഫീസ് ഈടാക്കുന്ന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി ശരിവെച്ചു.
2011ല്‍ നിശ്ചയിച്ച ട്യൂഷന്‍ ഫീസിനേക്കാള്‍ ഏഴിരട്ടി കൂടുതലാണ് ഇപ്പോള്‍ ചുമത്തുന്ന ട്യൂഷന്‍ ഫീസായ 24 ലക്ഷം രൂപ. 2017 മുതലാണ് ഇത്രയും അധികമായി തുക ഉയര്‍ത്തിയത്. ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്തതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരും ഹര്‍ജിക്കാരായ മെഡിക്കല്‍ കോളജും 2.5 ലക്ഷം വീതം രൂപ പിഴയായി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും മീഡിയേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍ പ്രോജക്ട് കമ്മിറ്റിക്കുമാണ് പിഴയടയ്ക്കേണ്ടത്.
ഫീസ് വര്‍ധിപ്പിച്ച 2017 മുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക തുക കണക്കാക്കി തിരികെ നല്‍കണമെന്ന് മെഡിക്കല്‍ കോളജുകളോട് ഹൈക്കോടതി നിര്‍ദേശിരുന്നു. ഈ ഉത്തരവും സുപ്രീം കോടതി ശരിവെച്ചു.
ഉയര്‍ന്ന പലിശ നിരക്കുള്ള പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി വായ്പയെടുത്താണ് പല വിദ്യാര്‍ത്ഥികളും ഈ ട്യൂഷന്‍ ഫീസ് അടച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വര്‍ഷങ്ങളായി ഈടാക്കിയ തുക അവര്‍ക്ക് തന്നെ തിരിച്ചു നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം ചില സാഹചര്യങ്ങളില്‍ നിശ്ചിത ട്യൂഷന്‍ ഫീസിനേക്കാള്‍ കൂടുതല്‍ തുക മെഡിക്കല്‍ കോളജുകള്‍ക്ക് ഈടാക്കാമെന്നും കോടതി അറിയിച്ചു. മെഡിക്കല്‍ കോളജ് നിലകൊള്ളുന്ന സ്ഥലം, പ്രൊഫഷണല്‍ കോഴ്സിന്റെ സ്വഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഇവ പരിപാലിക്കുന്നതിനായുള്ള ചിലവ്, ഇന്‍സ്റ്റിറ്റിയൂഷന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ തുക തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ട് അധിക ട്യൂഷന്‍ ഫീസ് ഈടാക്കാം. അത് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നതില്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.