ഗൃഹ സമ്പര്‍ക്ക പരിപാടിയുമായി ഗവര്‍ണര്‍ക്ക് പ്രതിരോധം തീര്‍ക്കാനൊരുങ്ങി ബിജെപി

ഗൃഹ സമ്പര്‍ക്ക പരിപാടിയുമായി ഗവര്‍ണര്‍ക്ക് പ്രതിരോധം തീര്‍ക്കാനൊരുങ്ങി ബിജെപി

തിരുവവന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിരോധം തീര്‍ക്കാനുള്ള നീക്കത്തില്‍ ബിജെപി. ഗവര്‍ണര്‍ക്ക് അനുകൂലമായി ഗൃഹ സമ്പര്‍ക്കം നടത്താനാണ് നീക്കം. ഈ മാസം 15 മുതല്‍ 30 വരെ സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി.

വീടുകളില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യുമെന്നും ബിജെപി വ്യക്തമാക്കി. കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെയാണ് ബിജെപി നീക്കം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

നേരത്തെ ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഇടതുമുന്നണി ലഘുലേഖ വിതരണം ചെയ്തിരുന്നു. ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത ഗവര്‍ണറുടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് ഇടതുമുന്നണി ലഘുലേഖയിലൂടെ.

സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അനുചരന്‍മാരെ നിയമിക്കാനാണ് നീക്കം. ഫയലുകള്‍ ചാന്‍സിലറുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. ആറ് കോടി രൂപയുടെ ചാന്‍സിലേഴ്‌സ് ട്രോഫി നഷ്ടപ്പെടുത്തി. ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ധനമന്ത്രിയെ തിരിച്ച് വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമെന്നും ഇടതുമുന്നണിയുടെ ലഘുലേഖ വാദിക്കുന്നു.

ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമവും ഇടത് മുന്നണി ആരംഭിച്ചത്. എന്നാല്‍ ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും കണ്ണുപൂട്ടി ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണറും പ്രതികരിച്ചിരുന്നു. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ വിവിധ സര്‍വകലാശാലകളില്‍ ചാന്‍സലറായി നിയമിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.