ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനല്‍

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനല്‍

മെൽബൺ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്. ഇന്ത്യയെ തകർത്ത് വന്ന ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. 

30 വർഷംമുമ്പ്, ഇതേ വേദിയിൽ ഇംഗ്ലണ്ടിനെ 22 റൺസിന് പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ മേൽക്കൈയുമയാണ് പാകിസ്ഥാൻ മാത്സരത്തിനിറങ്ങുന്നത്. ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റൺസിന് വീഴ്ത്തിയാണ് ഇമ്രാൻഖാൻ നയിച്ച പാകിസ്ഥാൻ അന്ന് ചാമ്പ്യന്മാരായത്.

മെൽബണിൽ ഞായറാഴ്ച മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. റിസർവ് ദിനമായ തിങ്കളാഴ്ചയും ഇതേ സാധ്യത. രണ്ടു ദിവസവും കളി നടന്നില്ലെങ്കിൽ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. സൂപ്പർ 12-ൽ മെൽബണിലെ മൂന്ന് മത്സരങ്ങൾ മഴമുടക്കിയിരുന്നു.

സെമിയിൽ ഇന്ത്യയുടെ ഹൃദയം ഭേദിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. സെമിയിൽ പാകിസ്ഥാൻ അതിജീവിച്ചത് ന്യൂസീലൻഡിനെ. ഫോം വെച്ച് നോക്കിയാൽ ഇംഗ്ലണ്ടിനാണ് സാധ്യത. പക്ഷേ, ചരിത്രം പാകിസ്ഥാന് ഒപ്പമാണ്. 

ബാബർ അസം-മുഹമ്മദ് റിസ്വാൻ ഓപ്പണിങ് കൂട്ടുകെട്ട് ഫോമിൽ തിരിച്ചെത്തിയതാണ് പാകിസ്ഥാന്റെ ആശ്വാസം. സെമി ജയിപ്പിച്ചത് ഈ സഖ്യമാണ്. ഷദാബ് ഖാന്റെ ഓൾറൗണ്ട് മികവും ടീമിന് ഊർജംനൽകുന്നു. ഷഹീൻഷാ അഫ്രിഡിയുടെ തീപ്പന്തുകൾ പവർപ്ലേയിൽ അതിജീവിക്കുക ഇംഗ്ലണ്ടിന് ശ്രമകരമാകും.

സെമിയിൽ ഇന്ത്യക്കെതിരേ ജോസ് ബട്‌ലർ-അലക്‌സ് ഹെയ്ൽസ് ഓപ്പണിങ് സഖ്യമാണ് ഇംഗ്ലണ്ടിന് തകർപ്പൻ ജയം നേടിക്കൊടുത്തത്. ഫോമിലെത്തിയാൽ പിടിച്ചാൽകിട്ടാത്തയാളാണ് ബട്‌ലർ. പരിക്കേറ്റ ഡേവിഡ് മാലനും മാർക് വുഡും സെമിയിൽ കളിച്ചിരുന്നില്ല. അവർ ഫൈനലിനുണ്ടാകുമോ എന്ന് വ്യക്തമല്ല.

ബാറ്റിങ് ദുഷ്‌കരമാവാൻ സാധ്യത. 160-നടുത്തുള്ള സ്‌കോർ പിന്തുടരുക ശ്രമകരമാകും. പവർപ്ലേയിൽ വിക്കറ്റുകൾ പൊഴിയുമെന്ന് ഇന്ത്യ-പാകിസ്ഥാൻ മത്സരം തെളിയിച്ചതാണ്.

ഇംഗ്ലണ്ടും പാകിസ്ഥാനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്. രണ്ടു വിജയങ്ങളുള്ള ഏക ടീം വെസ്റ്റ് ഇൻഡീസാണ്. ഞായറാഴ്ചത്തെ വിജയികൾ വിൻഡീസിനൊപ്പം ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.