മെസിയും സംഘവും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായിക മന്ത്രി മന്ത്രി വി.അബ്ദുറഹ്‌മാന്‍

മെസിയും സംഘവും  കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായിക മന്ത്രി  മന്ത്രി വി.അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം ഈ വര്‍ഷം കേരളത്തിലെത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ വരാനാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമും സ്‌പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി നല്‍കുന്ന വിശദീകരണം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒക്ടോബറില്‍ കേരളത്തില്‍ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ ഒക്ടോബറില്‍ വരുമെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് താല്‍പര്യമുള്ളൂവെന്നാണ് സ്‌പോണ്‍സര്‍മാരുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. മെസിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ കളിക്കാനെത്തുമെന്നാണ് ഇതു സംബന്ധിച്ച് നേരത്തേ മന്ത്രി പറഞ്ഞത്. മെസി വരുമെന്നറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു.

'ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്' എന്നാണ് കായിക മന്ത്രി അന്ന് ഫെയ്‌സ് സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ മെസിയും ടീമും വരില്ലെന്ന് ഇപ്പോള്‍ മന്ത്രി തന്നെ സ്ഥിരീകരിച്ചു.

ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്‍ശനം. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നി നഗരങ്ങളില്‍ ടീം എത്തും. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്.

2011 ന് ശേഷം ആദ്യമായാണ് മെസി ഇന്ത്യയിലേക്ക് വരുന്നത്. 14 വര്‍ഷം മുമ്പ് കൊല്‍ക്കത്തിയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരം കളിച്ചിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.