വിവാദ കത്ത് കാണാനില്ല: കിട്ടിയത് സ്‌ക്രീന്‍ ഷോട്ട്; കൈമലര്‍ത്തി ക്രൈംബ്രാഞ്ച്

വിവാദ കത്ത് കാണാനില്ല: കിട്ടിയത് സ്‌ക്രീന്‍ ഷോട്ട്; കൈമലര്‍ത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്തു വന്ന കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ സാധിക്കാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് ലഭിച്ചത്. കത്ത് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് എടുക്കാന്‍ ഇനി ശ്രമിക്കേണ്ടതില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മേയറുടെ പേരില്‍ പുറത്തു വന്നു എന്ന് പറയുന്ന കത്ത്, ഡി.ആര്‍ അനില്‍ എഴുതി എന്ന് അവകാശപ്പെട്ട കത്ത് എന്നിങ്ങനെ രണ്ട് കത്തുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം നഗരസഭയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയത്.

സംഭവത്തില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ക്രൈബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയിട്ടില്ല. കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് ഒരു വ്യക്തതയും പറയാന്‍ സാധിക്കില്ലെന്ന നിലപാടിലേക്കാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. അതേസമയം ഒറിജിനല്‍ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്.

കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയാല്‍ മാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് പോകണം. ചോദ്യം ചെയ്യല്‍ അടക്കമുള്ള ക്രിമിനല്‍ കുറ്റാന്വേഷണ രീതിയിലുള്ള നടപടിയിലേക്ക് പോകണം. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയാണ്. കത്ത് വ്യാജമായി നിര്‍മ്മിച്ചത് എന്നാണ് മൊഴി. ഇത് സാധൂകരിക്കണമെങ്കില്‍ ഒറിജിനല്‍ കത്ത് കണ്ടെത്തേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.