ക്രിസ്മസിന്റെ വരവറിയിച്ച് വത്തിക്കാനില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും; ഡിസംബര്‍ മൂന്നിന് അനാവരണം ചെയ്യും

ക്രിസ്മസിന്റെ വരവറിയിച്ച് വത്തിക്കാനില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും; ഡിസംബര്‍ മൂന്നിന് അനാവരണം ചെയ്യും

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എല്ലാ വര്‍ഷവും നടക്കുന്ന ദീപാലങ്കാര ചടങ്ങില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ ക്രിസ്മസ് മരവും പുല്‍ക്കൂടും ഡിസംബര്‍ മൂന്നിന് അനാവരണം ചെയ്യും.

സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ അന്നേ ദിവസം വൈകിട്ട് അഞ്ചു മണിക്കാണ് അനാച്ഛാദന ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണര്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടക്കുക. സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ റാഫേല്ല പെട്രിനിയുടെ സാന്നിധ്യവുമുണ്ടാകും.

അന്നേ ദിവസം രാവിലെ സുട്രിയോ, റോസെല്ലോ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിക്കും. ഇവരാണ് ഇത്തവണത്തെ ക്രിസ്മസും മറ്റ് അലങ്കാരങ്ങളും സമ്മാനിക്കുന്നത്. ചടങ്ങില്‍ ഈ സമ്മാനങ്ങളുടെ ഔദ്യോഗിക സമര്‍പ്പണം നടക്കും.

മുപ്പതു മീറ്റര്‍ ഉയരമുള്ള ക്രിസ്മസ് മരമാണ് ഇത്തവണ ഒരുങ്ങുന്നത്. 182 പേര്‍ മാത്രം താമസിക്കുന്ന മധ്യ ഇറ്റാലിയന്‍ പര്‍വതഗ്രാമമായ റോസെല്ലോയില്‍ നിന്നാണ് ഇത്രയും ഉയരമുള്ള അതിമനോഹരമായ വൈറ്റ് ഫിര്‍ മരം കൊണ്ടുവരുന്നത്. പൈന്‍ കുടുംബത്തിലെ മരമാണ് വൈറ്റ് ഫിര്‍.

ലാ ക്വാഡ്രിഫോഗ്ലിയോ' എന്ന മനോരോഗ പുനരധിവാസ കേന്ദ്രത്തില്‍ താമസിക്കുന്ന യുവാക്കള്‍ ഈ വര്‍ഷം ക്രിസ്മസ് ട്രീയുടെ അലങ്കാരങ്ങള്‍ നിര്‍വഹിക്കും.

ഇറ്റാലിയന്‍ പ്രദേശമായ സുട്രിയോയില്‍നിന്നാണ് പുല്‍ക്കൂട് കൊണ്ടുവരുന്നത്. പൂര്‍ണമായും മരം കൊണ്ടാണ് പുല്‍ക്കൂട് നിര്‍മ്മിക്കുന്നത്. ഒരു ഗ്രോട്ടോ ആയി തോന്നിപ്പിക്കുന്ന അര്‍ദ്ധഗോളത്തില്‍ തിരുക്കുടുംബത്തെ പ്രദര്‍ശിപ്പിക്കും. ജീവിത വലുപ്പമുള്ള രൂപങ്ങളാണ് സ്ഥാപിക്കുന്നത്. ദേവദാരു മരം കൊണ്ടുള്ള പ്രതിമകള്‍ പൂര്‍ണ്ണമായും കൈകൊണ്ട് കൊത്തിയെടുത്തതാണ്.

മരപ്പണിയില്‍ ചരിത്രപരമായ പാരമ്പര്യം സുട്രിയോയ്ക്കുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ മാജിക് ഓഫ് വുഡ് എന്ന പേരില്‍ സാംസ്‌കാരിക പരിപാടി ഇവിടെ സംഘടിപ്പിക്കാറുണ്ട്.

അയല്‍രാജ്യങ്ങളായ ഓസ്ട്രിയയില്‍ നിന്നും സ്ലൊവാക്യയില്‍ നിന്നും നിരവധി കലാകാരന്മാര്‍ ഈ ഗ്രാമത്തില്‍ വരാറുണ്ട്. പരിസ്ഥിതിയെ പൂര്‍ണ്ണമായും ബഹുമാനിച്ചാണ് ഇവരുടെ കലാസൃഷ്ടികള്‍.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലും ജീവസുറ്റ പുല്‍ക്കൂട് ഒരുക്കും. ഗ്വാട്ടിമാലന്‍ സര്‍ക്കാരാണ് ഇതു വാഗ്ദാനം ചെയ്യുന്നത്. തിരുക്കുടുംബത്തെയും മൂന്ന് മാലാഖമാരെയും പുല്‍ക്കൂടില്‍ അവതരിപ്പിക്കും. എല്ലാം നിര്‍മിക്കുന്നത് ഗ്വാട്ടമാലന്‍ കരകൗശല വിദഗ്ധരാണ്. പ്രാദേശിക പാരമ്പര്യത്തിലൂന്നി നിറമുള്ള തുണിത്തരങ്ങള്‍, സ്വര്‍ണ്ണം, തടി എന്നിവ ഉപയോഗിച്ചാണ് പ്രതിമകള്‍ നിര്‍മിക്കുന്നത്.

അടുത്ത വര്‍ഷം ജനുവരി എട്ടു വരെ ക്രിസ്മസ് മരവും പുല്‍ക്കൂടും പ്രദര്‍ശിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.