പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിനെതിരെ കത്തോലിക്കാ അധ്യാപകർക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ

പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിനെതിരെ കത്തോലിക്കാ അധ്യാപകർക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ അദ്ധ്യാപകർക്ക് ഫ്രാൻസിസ് മാർപാപ്പ പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം ക്രിസ്ത്യൻ അധ്യാപകർ തികഞ്ഞ മനുഷ്യത്വം ഉള്ളവരും പൂര്‍ണ്ണമായി ക്രിസ്‌തുവിനെ അനുഗമിക്കുന്നവരും ആയിരിക്കണമെന്നും വേൾഡ് യൂണിയൻ ഓഫ് കാത്തലിക് ടീച്ചേഴ്‌സ് (ഡബ്ല്യുയുസിടി) യോഗത്തിൽ ഓർമ്മിപ്പിച്ചു.

പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനായി റോമിൽ നടന്ന പൊതുസമ്മേളനത്തിലാണ് വത്തിക്കാനിലെ വേൾഡ് യൂണിയൻ ഓഫ് കാത്തലിക് ടീച്ചേഴ്‌സ് അംഗങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ വർഷങ്ങളിലെ വിശ്വസ്തവും ഉദാരവുമായ സേവനത്തിന് ശേഷം സ്ഥാനത്ത് നിന്നും വിരമിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി രേഖപ്പെടുത്തി. കൂടാതെ ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെക്കുറിച്ച്, പ്രത്യേകിച്ച് തലമുറ മാറ്റം നേതൃത്വത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് അസന്ദിഗ്‌ദ്ധമായ നിരൂപണം തയ്യാറാക്കാൻ സംഘടനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മാർപ്പാപ്പയുടെ സഹപ്രവർത്തകർ എന്ന നിലയിൽ ഈ ഒത്തുചേരലിന്റെ ദൗത്യം കത്തോലിക്കാ അദ്ധ്യാപകരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം അനുസ്മരിച്ചു. അതിലൂടെ ക്രിസ്ത്യൻ അധ്യാപകരെ വിശ്വാസത്തിൽ പിന്തുണയ്ക്കുന്ന സഭയുടെ സേവനം വിദ്യാഭ്യാസ ലോകത്ത് അവതരിപ്പിക്കാൻ കഴിയും. അങ്ങനെ അധ്യാപകർക്ക് വ്യക്തിപരവും സ്ഥാപനപരവുമായ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ പോലും അവരുടെ ജോലി കൃത്യമായി നിർവഹിക്കാനും സാധ്യമായ ഏറ്റവും മികച്ച രീതിയിൽ സാക്ഷ്യം വഹിക്കാനും കഴിയുമെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രിസ്ത്യൻ അധ്യാപകരുടെ സാന്നിധ്യം വളരെ പ്രധാനമാണെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. കത്തോലിക്കാ അധ്യാപകർ തികഞ്ഞ മനുഷ്യത്വം ഉള്ളവരും പൂര്‍ണ്ണമായി ക്രിസ്‌തുവിനെ അനുഗമിക്കുന്നവരും ആയിരിക്കണം. അതിനാൽ അവർ ആധ്യാത്മികരും ലൗകികരും ആകാൻ പാടില്ല. എന്നാൽ കാലഘട്ടത്തിനനുസരിച്ച് സംസ്കാരത്തിൽ വേരൂന്നിയവരാകണം. വിദ്യാർത്ഥികളുടെ ആഴത്തിലുള്ള ആവശ്യങ്ങളും ചോദ്യങ്ങളും ഭയങ്ങളും സ്വപ്നങ്ങളും തിരിച്ചറിയാൻ കഴിവുള്ളവരുമാകണമെന്നും മാർപാപ്പ വിശദീകരിച്ചു. ക്രിസ്തുമതം ഇല്ലാതെ മാനുഷികത്വമില്ല. മാനുഷികത്വമില്ലാതെ ക്രിസ്തുമതവുമില്ലെന്നും മാർപാപ്പ ആവർത്തിച്ചു.

യുവജനങ്ങളുടെ സ്വപ്നങ്ങളുടെ ചിറകുകൾ അരിയാതെ, അവരുടെ അഭിലാഷങ്ങളുടെ ശക്തി ക്ഷയിപ്പിക്കാതെ ക്രിസ്തു വിശ്വാസം എല്ലാ മനുഷ്യാനുഭവങ്ങളെയും ഉൾക്കൊള്ളുന്നുവെന്ന് സാക്ഷ്യപ്പെടുത്താൻ കത്തോലിക്കാ അധ്യാപകർ പ്രാപ്തരാകേണ്ടത് പ്രധാനമാണെന്നും പാപ്പ പറഞ്ഞു. സഭയുടെ പാരമ്പര്യത്തിൽ യുവജനങ്ങളുടെ വിദ്യാഭ്യാസം എല്ലായ്‌പ്പോഴും ഓരോ വ്യക്തിയുടെയും അവന്റെ അല്ലെങ്കിൽ അവളുടെ എല്ലാ മാനങ്ങളിലുമുള്ള അവിഭാജ്യ രൂപീകരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.

അവരെ ഭരമേല്പിച്ച ഓരോ കുട്ടികളുടെയും കൗമാരക്കാരുടെയും യുവാക്കളുടെയും ജീവിതത്തിൽ നല്ലതായാലും ചീത്തയായാലും ഒരു അടയാളം അവശേഷിപ്പിക്കാൻ അധ്യാപകർ ശക്തമായ ഉത്തരവാദിത്തമുണ്ടെന്നും മാർപാപ്പ ഊന്നിപ്പറയുന്നു. വരും വർഷങ്ങളിൽ നല്ല അധ്യാപകരും ജ്ഞാനികളായ അധ്യാപകരും ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് വ്യക്തിപരമായ അനുഭവത്തിൽ നിന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും പാപ്പ വ്യക്തമാക്കി.

മാറിക്കൊണ്ടിരിക്കുന്ന കാലങ്ങളോടും തലമുറകളോടും പൊരുത്തപ്പെടുന്ന, സ്വന്തം പ്രേരണകളെയും അവരുടെ രീതികളെയും തുടർച്ചയായി പുനർവിചിന്തനം ചെയ്യാനുള്ള കഴിവ് അധ്യാപകർക്ക് ആവശ്യമാണ്. അധ്യാപകർക്ക് പരുഷമാകാൻ കഴിയില്ല കാരണം കാർക്കശ്യം വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നുവെന്നും പാപ്പ അഭിപ്രായപ്പെട്ടു.

അധ്യാപകരെ അവരുടെ വിദ്യാർത്ഥികളോടൊപ്പം ഒരുമിച്ച് വളരാനുള്ള അഭിലാഷം നിലനിർത്താൻ സഹായിക്കുക, ഇന്നത്തെ യുവജനങ്ങൾക്ക് യോജിച്ച ഭാഷയും സാംസ്കാരിക രൂപങ്ങളും ഉപയോഗിച്ചുകൊണ്ട് പഠനത്തിന്റെ സന്തോഷവും സത്യത്തിനായുള്ള ആഗ്രഹവും കൈമാറുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തുക എന്നിവയാണ് ഡബ്ല്യുയുസിടിയുടെ ദൗത്യമെന്നും മാർപ്പാപ്പ വ്യക്തമാക്കി.

അതേസമയം, പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിനെതിരായി പാപ്പ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രത്യയശാസ്‌ത്രത്തിൽ നിന്ന് നമ്മെ അലോസരപ്പെടുത്തുന്ന പുതുമകൾ ശ്രദ്ധാപൂർവം തിരിച്ചറിയാൻ കത്തോലിക്കാ അധ്യാപകരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് മാർപാപ്പ എടുത്തുപറഞ്ഞു. പ്രത്യയശാസ്ത്ര കോളനിവൽക്കരണം ഇന്ന് മനുഷ്യന്റെ വ്യക്തിത്വത്തെ നശിപ്പിക്കുന്നു. അത് വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുമ്പോൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്നും ഫ്രാൻസിസ് പാപ്പ ഓർമിപ്പിച്ചു.

കത്തോലിക്കാ അദ്ധ്യാപകർക്കിടയിൽ അവബോധം വളർത്താൻ സഹായിക്കുന്നതിന്, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ ആഗോള കോംപാക്റ്റിലേക്ക് ഡബ്ല്യുയുസിടിയെ മാർപാപ്പ ക്ഷണിക്കുകയും ചെയ്തു. ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാനും സംഘടനയുടെ ദൗത്യത്തിന് പുതിയ ഉണർവ് നൽകാനും മാർപ്പാപ്പ ഡബ്ല്യുയുസിടിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ലോകമെമ്പാടുമുള്ള കത്തോലിക്കാ അദ്ധ്യാപക സംഘടനകളെ ഒരുമിച്ച് ചേർക്കുന്നതിനായി 1951 ലാണ് ഡബ്ല്യുയുസിടി സ്ഥാപിതമായത്. കത്തോലിക്കാ വിദ്യാഭ്യാസ സമൂഹത്തിൽ എല്ലാവർക്കും ശരിയായ ഉത്തരവാദിത്തം നൽകുന്നതിന് മാതാപിതാക്കളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

പിന്നീട് 2008-ൽ കത്തോലിക്കാ അധ്യാപകരുടെ ലോക യൂണിയനെ ഒരു അന്താരാഷ്ട്ര വിശ്വാസികളുടെ കൂട്ടായ്മയായി അംഗീകരിച്ചുകൊണ്ട് അൽമായർക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഉത്തരവിട്ടു. ഒരു എൻ‌ജി‌ഒ എന്ന നിലയിൽ, യുണിസെഫ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകളുമായി ഇതിന് കൺസൾട്ടേറ്റീവ് പദവിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.