'കുട്ടിക്കളിയല്ല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം'; എങ്ങനെയാണ് രേഖകള്‍ വിലയിരുത്തിയതെന്ന് പ്രിയാ വര്‍ഗീസ് കേസില്‍ ഹൈക്കോടതി

'കുട്ടിക്കളിയല്ല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം'; എങ്ങനെയാണ് രേഖകള്‍ വിലയിരുത്തിയതെന്ന് പ്രിയാ വര്‍ഗീസ് കേസില്‍ ഹൈക്കോടതി

കൊച്ചി: അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും എങ്ങനെയാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത രേഖകള്‍ വിലയിരുത്തിയതെന്നും പ്രിയാ വര്‍ഗീസ് കേസില്‍ ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

സര്‍വകലാശാലയും പ്രിയ വര്‍ഗീസും നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ നാളെയും വാദം കേള്‍ക്കും.

കണ്ണൂര്‍ സര്‍വകലാശാലായില്‍ അസോ. പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാല തയാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ. ഇവര്‍ക്ക് അധ്യാപന പരിചയമടക്കമുള്ള മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളജ് മലയാളം അധ്യാപകന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹര്‍ജി അപക്വമാണെന്നും ഹര്‍ജി തള്ളണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. രണ്ടാം റാങ്കുകാരന്‍ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രിയയുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തത്.

പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോള്‍ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായാണ് സര്‍വകലാശാല സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രിയാ വര്‍ഗീസിന്റെ നിയമനം സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും മരവിപ്പിച്ചിരുന്നു.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച റിസര്‍ച്ച് സ്‌കോര്‍ വിവാദമായിരുന്നു. രണ്ടാം റാങ്ക് ലഭിച്ച ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. അഭിമുഖത്തിലെ മാര്‍ക്ക് 30. മൂന്നാം റാങ്കുള്ള സി ഗണേഷിന്റെ റിസര്‍ച്ച് സ്‌കോര്‍ 645. ഇന്റര്‍വ്യൂവില്‍ കിട്ടിയത് 28 മാര്‍ക്ക്.

ഇതില്‍ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കമുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വര്‍ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തില്‍ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയര്‍ന്ന് മാര്‍ക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.