'ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ല': തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം മന്ത്രി രാജീവിനെ വേദിയിലിരുത്തി

'ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ല': തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം മന്ത്രി രാജീവിനെ വേദിയിലിരുത്തി

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാമ്പല്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തില്‍ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്നാട് ഗവര്‍ണറുടെ പരാമര്‍ശം.

ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാംപല്ലെന്നും രാജ്യത്തെങ്ങും ഇത് ബാധകമെന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞു. ലോകായുക്ത പോലുളള സംവിധാനം ദുര്‍ബലപ്പെടുത്തുന്നതിനെ ഗവര്‍ണര്‍ പിന്തുണയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെയാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണറെ പങ്കെടുപ്പിച്ച് ലോകായുക്ത ദിനാചരണം നടത്തിയത്.

അതേസമയം, ലോകായുക്ത ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ചെയ്തതായി മന്ത്രി പി.രാജീവ് പറഞ്ഞു. ലോകായുക്തപോലുള്ള സംവിധാനങ്ങളെ നീക്കം ചെയ്യുന്നത് വലിയ അഴിമതിക്ക് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദിയില്‍ വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഇതുവരേയും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കൂടിയാണ് ആര്‍.എന്‍. രവിയുടെ പരാമര്‍ശം. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലെയുള്ള സംവിധാനങ്ങള്‍ തകരാതെ നോക്കേണ്ടത് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും തമിഴ്നാട് ഗവര്‍ണര്‍ വേദിയില്‍ പറഞ്ഞു.

അതേസമയം, ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും യോഗ്യനാണ് എന്ന് തോന്നിയതുകൊണ്ടാണ് ആര്‍.എന്‍. രവിയെ പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിശദീകരണം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.