റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ച് രണ്ട് മരണം: നാറ്റോ അടിയന്തര യോഗം ഇന്ന്; സൈന്യത്തോട് സജ്ജമായിരിക്കാന്‍ നിര്‍ദേശം

റഷ്യന്‍ മിസൈല്‍ പോളണ്ടില്‍ പതിച്ച് രണ്ട് മരണം: നാറ്റോ അടിയന്തര യോഗം ഇന്ന്; സൈന്യത്തോട് സജ്ജമായിരിക്കാന്‍ നിര്‍ദേശം

വാര്‍സോ: പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ടു പേര്‍ മരിച്ചു. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 15 മൈല്‍ അകലെയുള്ള ലൂബെല്‍സ്‌കി പ്രവിശ്യയിലെ സെവോഡോവിലെ ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്. റഷ്യന്‍ നിര്‍മിത മിസൈലാണ് തങ്ങളുടെ രാജ്യത്ത് പതിച്ചതെന്ന് പോളണ്ട് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണം തുടരുന്നതിനിടെയാണ് അതിര്‍ത്തി രാജ്യവും നാറ്റോ അംഗവുമായ പോളണ്ടിലും മിസൈല്‍ പതിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് മിസൈല്‍ അയച്ചിട്ടില്ലെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിലെ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുവാനായുള്ള പ്രകോപനത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്നും റഷ്യ പറയുന്നത്.

ആക്രമണത്തേക്കുറിച്ച് നാറ്റോ പോളണ്ടിനോട് റിപ്പോര്‍ട്ട് തേടി. പോളണ്ട് സൈന്യത്തോട് സജ്ജമായിരിക്കാന്‍ നാറ്റോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നാറ്റോ അംഗരാജ്യങ്ങളുടെ അടിയന്തരയോഗം ഇന്ന് ബ്രസല്‍സില്‍ ചേരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.



നാറ്റോ രൂപീകരണത്തിന് അടിസ്ഥാനമായ കരാറിലെ ആര്‍ട്ടിക്കിള്‍ 4 അനുസരിച്ച്, അംഗരാജ്യങ്ങളില്‍ ഒന്ന് ആക്രമിക്കപ്പെട്ടാല്‍, അതില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ മറ്റ് അംഗരാജ്യങ്ങള്‍ ബാദ്ധ്യസ്ഥരാണ്. നാറ്റോ അംഗമായ പോളണ്ടിനെതിരെ ആക്രമണം ഉണ്ടായാല്‍, അത് മറ്റ് അംഗരാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും എന്നതാണ് നാറ്റോയുടെ അടിസ്ഥാന തത്വം.

ആക്രമണത്തിന് പിന്നാലെ പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേസ് ഡൂഡയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക അനുശോചിച്ചു. പോളണ്ടിന് എല്ലവിധ സഹായങ്ങളും ബൈഡന്‍ വാഗ്ദാനം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും അനുശോചനം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ഒന്‍പത് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ചൊവാഴ്ച ഉക്രെയ്‌നിലെ ഊര്‍ജ സംവിധാനങ്ങള്‍ റഷ്യ തകര്‍ത്തു. കീവിന് പുറമേ ചെര്‍ണീവ്, ലിവിവ്, മൈക്കലേവ്, ഹാര്‍ക്കീവ് എന്നിവിടങ്ങളിലും റഷ്യന്‍ ആക്രമണമുണ്ടായി. ജനങ്ങളോട് ഭൂഗര്‍ഭ അറകളില്‍ അഭയം തേടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.



ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണ് ചൊവാഴ്ചയുണ്ടായത്. 85ഓളം മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തെത്തുടര്‍ന്ന് ഉക്രെയ്‌നിലെ പ്രധാന നഗരങ്ങള്‍ ഇരുട്ടിലായതായി.

ഇന്തോനേഷ്യയില്‍ നടക്കുന്ന ജി 20 ഉച്ചക്കോടി ആരംഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ആക്രമണം. ഉച്ചകോടിയില്‍ സമാധാനത്തെ കുറിച്ച് പ്രസംഗിച്ചവരാണ് മറുവശത്ത് മിസൈല്‍ ആക്രമണം നടത്തുന്നതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.