കെ.സുധാകരന്റെ വിവാദ പ്രസ്താവന: ലീഗ് നേതൃയോഗം ഇന്ന്; ഘടക കക്ഷികളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

കെ.സുധാകരന്റെ വിവാദ പ്രസ്താവന: ലീഗ് നേതൃയോഗം ഇന്ന്; ഘടക കക്ഷികളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: കെ.സുധാകരന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് യു.ഡി.എഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. ഘടകകക്ഷി നേതാക്കളെ കെ. സുധാകരന്‍ നേരില്‍ കണ്ട് ചര്‍ച്ച നടത്തും. സുധാകരന്‍ സൃഷ്ടിച്ച പ്രതിസന്ധി അദ്ദേഹം തന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് പ്രമുഖ നേതക്കള്‍.

അതേസമയം നേരില്‍ കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് ഇതുവരെ അംഗീകരിച്ചിട്ടില്ല. സുധാകരന്‍ തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ എന്തിന്റെ പേരിലായാലും വകവെച്ച് കൊടുക്കാന്‍ കഴിയില്ലെന്ന സന്ദേശം ഘടകകക്ഷികള്‍ കോണ്‍ഗ്രസിന് കൈമാറി കഴിഞ്ഞു. സി.പി.എമ്മിനെ രാഷ്ട്രീയ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യം ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഘടക കക്ഷികളുടെ വാദം. ഇത് ശരിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വവും സമ്മതിക്കുന്നു.

ഹൈക്കമാന്‍ഡ് കൂടി അതൃപ്തി അറിയിച്ചതോടെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സുധാകരന്‍. ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന പ്രസ്താവന വിവാദമായതോടെ തന്നെ ലീഗ് നേതാക്കളെ നേരില്‍ കാണാന്‍ സുധാകരന്‍ ശ്രമിച്ചു. എന്നാല്‍ സമയ കുറവ് പറഞ്ഞ് ലീഗ് നേതൃത്വം കൂടിക്കാഴ്ച ഒഴിവാക്കി.

നെഹ്‌റു ആര്‍.എസ്.എസിനോട് സന്ധി ചെയ്തുവെന്ന പരാമര്‍ശം വിവാദമായതോടെ ലീഗ് കടുത്ത വിമര്‍ശനം പരസ്യമായി തന്നെ ഉയര്‍ത്തി. ഇതോടെ ലീഗ് നേതാക്കളെ സുധാകരന്‍ ഫോണില്‍ വിളിച്ചെങ്കിലും നേതൃയോഗം കഴിയട്ടെയെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ലീഗിനെ അനുനയിപ്പിച്ച ശേഷമായിരിക്കും മറ്റ് ഘടകകക്ഷികളുമായി സുധാകരന്‍ ആശയ വിനിമയം നടത്തുക. കാര്യങ്ങള്‍ വഷളാകാതിരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.