തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഏഴ് ജില്ലകളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവയ്ക്കൊപ്പം മറ്റ് ജില്ലകളിലും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.
ഡെങ്കിപ്പനി വ്യാപനത്തിന്റെ ഭാഗമായി ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ ഡിവിസി യൂണിറ്റുകളെ വിന്യസിക്കും. സംസ്ഥാന തലത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കും. വീടിനകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്തെ ചെടിച്ചട്ടികളിലും ഫ്രിഡ്ജിലെ ട്രേയിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം .
ഒപ്പം അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദേശിച്ചു. ജില്ലാതല കര്‍മപദ്ധതി എല്ലായിടത്തും നടപ്പാക്കണം. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. ആളുകളില്‍ ഉണ്ടാകുന്ന നീണ്ടു നില്‍ക്കുന്ന പനി ശ്രദ്ധിക്കണം. അസുഖം തീവ്രമാകുന്നതിന് മുന്‍പ് ചികിത്സ തേടണം.
കൂടാതെ അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗ ശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.