കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശി സുശാന്തിനെയാണ് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. അഗ്‌നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയില്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് സുശാന്ത് മണ്ണിനടിയില്‍ കഴിഞ്ഞത്.
സുശാന്തിനെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞത് ആശങ്ക വര്‍ധിപ്പിച്ചുവെങ്കിലും ഒടുവില്‍ ജീവന് ഒരപകടവും സംഭവിക്കാതെ സുശാന്തിനെ പുറത്തെടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും അഗ്‌നിശമന സേനയും.
കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയില്‍ കഴിയുമ്പോള്‍ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് സുശാന്തിനെ പുറത്തെടുത്തത്.
മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത് ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ തന്റെ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. വെള്ളവും മറ്റും നല്‍കിയ ശേഷമാണ് ആംബുലന്‍സിലേക്ക് മാറ്റിയത്. സുശാന്തിന് ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം.
ഇന്ന് രാവിലെ ഒന്‍പതോടെയാണ് കോട്ടയം മറിയപ്പള്ളി മടത്തുകാവൂര്‍ ക്ഷേത്രത്തിനടുത്ത് അപകടം സംഭവിച്ചത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മണ്‍തിട്ടയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.
രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്. മണ്ണിടിച്ചിലുണ്ടായ സമയത്ത് മൂന്ന് പേര്‍ രക്ഷപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.