പ്രിയ വര്‍ഗീസിനും സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും തിരിച്ചടി.
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗിസിന്റെ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. പ്രിയയുടെ നിയമനം യുജിസി മാനദണ്ഡങ്ങള്‍ മറികടന്നുള്ളതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.
പ്രിയ വര്‍ഗീസിന്റെ യോഗ്യതകളെല്ലാം അക്കാദമികമല്ലെന്നും സ്‌ക്രൂട്ട്‌നി കമ്മിറ്റി ഇത് യോഗ്യതയായി പരിഗണിച്ചത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കോടതി പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ആവശ്യമായ പ്രവര്‍ത്തി പരിചയമില്ല. ഗവേഷണ കാലവും സ്റ്റുഡന്‍സ് ഡയറക്ടര്‍ പദവിയിലിരുന്ന കാലവും എന്‍എസ്എസ് കോര്‍ഡിനേറ്ററായിരുന്ന കാലഘട്ടവും അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.
ഇവയെല്ലാം അധ്യാപന പരിചയ കാലമായി പരിഗണിച്ചാണ് പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് ഫ്രൊഫസര്‍ തസ്തികയ്ക്ക് നിയമിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനമെടുത്തിരുന്നത്. ഇതിനെതിരെ പട്ടികയിലുള്ള ചങ്ങനാശേരി എസ്.ബി കോളജിലെ അധ്യാപകന്‍ പ്രൊഫ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഈ വിധി മറ്റ് സര്‍വകലാശാലകളില്‍ നടന്നിട്ടുള്ള പല നിയമനങ്ങളെയും പ്രതികൂലമായി ബാധിക്കും.
അധ്യാപകരുടെ പൊതുവായ യോഗ്യത സംബന്ധിച്ചും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചില നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തി. അധ്യാപകര്‍ രാഷ്ട്ര നിര്‍മാതാക്കളാണ്. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകര്‍. എന്നാല്‍ അസുഖകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ അധ്യാപികയായ പ്രിയ വര്‍ഗീസിന് കഴിഞ്ഞ നവംബറില്‍ കണ്ണൂര്‍ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടു മുന്‍പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് മാറ്റിവച്ച റാങ്ക് പട്ടിക അടുത്തിടെ സിന്‍ഡിക്കേറ്റ് അംഗീകരിച്ച് നിയമനം നല്‍കുകയായിരുന്നു.
ഇതിനു പിന്നാലെ യുജിസി ചട്ടപ്രകാരം എട്ടു വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി അധ്യാപന പരിചയമില്ലാത്തതിനാല്‍ പ്രിയയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കേരള വര്‍മ്മ കോളജില്‍ മൂന്നു വര്‍ഷം മാത്രം സേവനമുള്ള പ്രിയ വര്‍ഗീസ് രണ്ടു വര്‍ഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍എസ്എസ് കോര്‍ഡിനേറ്ററായി ജോലി ചെയ്ത കാലയളവും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത മൂന്ന് വര്‍ഷവും കൂട്ടിച്ചേര്‍ത്ത് അധ്യാപന പരിചയമായി കണക്കിലെടുത്തെന്നായിരുന്നു ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി.
ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നു വര്‍ഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങള്‍ക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്നാണ് യുജിസി വ്യവസ്ഥയെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
കാല്‍ നൂറ്റാണ്ട് അധ്യാപന പരിചയവും നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുള്ള ചങ്ങനാശേരി എസ്.ബി കോളജിലെ അധ്യാപകന്‍ ജോസഫ് സ്‌കറിയയേയും മലയാളം സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്.
പ്രിയയ്ക്ക് അഞ്ചു വര്‍ഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയതുമൊക്കെ അധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നല്‍കാനൊരുങ്ങുന്നതെന്ന് ഹര്‍ജിക്കാരനായ ജോസഫ് സ്‌കറിയ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇന്നത്തെ ഹൈക്കോടതി വിധി പ്രിയ വര്‍ഗീസിന് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. വിധി അനൂകൂലമായാല്‍ വി.സി നിയമനമടക്കമുള്ള ആരോപണങ്ങള്‍ക്കിടയില്‍ നട്ടം തിരിയുന്ന സര്‍ക്കാരിനത് ആശ്വാസമാകുമായിരുന്നു.
വിധി പ്രതികൂലമായതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടിയ ആയുധമായി അത് മാറി. കൂടാതെ സര്‍വകലാശാലകളിലെ നിയമനം സംബന്ധിച്ച തന്റെ വാദങ്ങളെല്ലാം ശരിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വാദിക്കാനുള്ള അവസരവും ഹൈക്കോടതി വിധി നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.