സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ മെഡിബാങ്കിന്റെ ഉപയോക്താക്കളെ കടുത്ത ആശങ്കയിലാഴ്ത്തി ഹാക്കര്‍മാര്‍ കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടു. ഗുരുതര രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച ഉപയോക്താക്കളുടെ ചികിത്സാ രേഖകളാണ് ഡാര്‍ക്ക് വെബിലൂടെ പുറത്തുവിട്ടത്. മെഡിബാങ്ക് സിഇഒ ഡേവിഡ് കോസ്‌കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഏകദേശം 1,469 ഉപയോക്താക്കളുടെ മെഡിക്കല്‍ റെക്കോര്‍ഡുകളാണ് റഷ്യന്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ മെഡിബാങ്കിനു നേരേയുണ്ടായ സൈബര്‍ ആക്രമണത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം 10 ദശലക്ഷം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നത്.
ഹൃദ്രോഗം, പ്രമേഹം, ആസ്ത്മ, അണുബാധകള്‍, കാന്‍സര്‍, ഡിമെന്‍ഷ്യ, മാനസിക രോഗങ്ങള്‍ എന്നിവ ബാധിച്ച ഉപയോക്താക്കളുടെ രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും രേഖകളാണ് ഡാര്‍ക്ക് വെബില്‍ അപ്‌ലോഡ് ചെയ്തത്.
10 മില്യണ്‍ യുഎസ് ഡോളര്‍ മോചനദ്രവ്യം നല്‍കാന്‍ മെഡിബാങ്ക് കമ്പനി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.
ആശങ്കയിലായ ഉപയോക്താക്കള്‍ക്കു വേണ്ട പിന്തുണ നല്‍കാന്‍ കമ്പനി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മെഡിബാങ്ക് സിഇഒ പറഞ്ഞു.
'മോഷ്ടിക്കപ്പെട്ട മെഡിബാങ്ക് ഉപഭോക്തൃ ഡാറ്റ ഉപയോഗിച്ച് ചൂഷണം ചെയ്യാനോ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനോ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ മെഡിബാങ്കുമായി ചേര്‍ന്നാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ പ്രവര്‍ത്തനം.
ഡാര്‍ക്ക് വെബിലൂടെ പുറത്തുവിട്ട ഡാറ്റയുമായി ബന്ധപ്പെട്ട ഉപയോക്താക്കള്‍ക്കു വേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്.
മെഡിബാങ്ക് ഹാക്ക് ചെയ്തതിന് പിന്നില്‍ റഷ്യ ആസ്ഥാനമായുള്ള കുറ്റവാളികളെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ റീസ് കെര്‍ഷോ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.