കാഹളം മുഴങ്ങി; ആവേശത്തിരയില്‍ കാല്‍പ്പന്തുകളിയുടെ മഹാമേളയ്ക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിൽ പന്തുരുണ്ടു

കാഹളം മുഴങ്ങി; ആവേശത്തിരയില്‍ കാല്‍പ്പന്തുകളിയുടെ മഹാമേളയ്ക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിൽ പന്തുരുണ്ടു

ഖത്തര്‍: മണലാരണ്യത്തില്‍ ആരവം തീര്‍ത്ത തിരമാലകള്‍ അല്‍ ബെയ്ത്തിൽ ഇളകിയാടി. ഖത്തറിന്റെ മണ്ണില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് നാന്ദികുറിച്ചു ഇന്ത്യന്‍ സമയം 9.30ന് വിസില്‍ മുഴങ്ങിയതോടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാല്‍പ്പന്തുകളിയുടെ മഹോത്സവത്തിന് കിക്കോഫ്. ആതിഥേയരായ ഖത്തറും തെക്കനമേരിക്കന്‍ കളിക്കൂട്ടമായ ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. 

വൈകിട്ട് 7.30 ന് അല്‍ഖോറയിലെ അല്‍ ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പങ്കെടുത്തു. ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി എത്തുന്നത്. കലാവിരുന്നില്‍ ദക്ഷിണകൊറിയന്‍ ബാന്‍ഡായ ബി.ടി.എസ് അംഗം ജുംഗ്കൂക്ക്, കൊളംബിയന്‍ പോപ് ഗായിക ഷാക്കിറ, ബോളിവുഡ് സിനിമാതാരവും കനേഡിയന്‍ നര്‍ത്തകിയുമായ നോറാ ഫത്തേഹി തുടങ്ങിയവര്‍ അണിനിരന്നു. 

ഇന്ന് ഒരു മത്സരം മാത്രമേയുള്ളു. നാളെ ഗ്രൂപ്പ് എയില്‍ സെനഗല്‍ ഹോളണ്ടിനെയും ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് ഇറാനെയും നേരിടും. 22 ന് അര്‍ജന്റീനയും 25 ന് ബ്രസീലും ആദ്യമത്സരങ്ങള്‍ക്കായി കളത്തിലിറങ്ങും. 

എട്ടു സ്‌റ്റേഡിയങ്ങളിലായി 29 ദിവസമാണ് മഹാ മേള. കാല്‍പ്പന്ത് കളിയുടെ ലോക പൊരാട്ടത്തില്‍ 32 ടീമുകള്‍ മറ്റുരയ്ക്കും. ഡിസംബര്‍ 18നാണ് അന്തിമ പോരാട്ടം. ആ തണുത്ത രാത്രിയില്‍ ലോക ഫുട്‌ബോള്‍ രാജാവിന്റെ പിറവിക്കായി ലോകം കണ്‍പാര്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.