കെ. സുധാകരന്‍ പറയുന്നത് അസത്യം; മാനനഷ്ടക്കേസ് കൊടുക്കും: സി.കെ

കെ. സുധാകരന്‍ പറയുന്നത് അസത്യം; മാനനഷ്ടക്കേസ് കൊടുക്കും: സി.കെ

കാസര്‍കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മാനനഷ്ടക്കേസുമായി പാര്‍ട്ടി വിട്ട മുന്‍ കെ.പി.സി.സി വൈസ് ചെയര്‍മാന്‍ സി.കെ ശ്രീധരന്‍. സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ കേസില്‍ സി.പി.എം നേതാവ് പി. മോഹനന്‍ ഒഴിവാക്കപ്പെട്ടത് സി.കെ ശ്രീധരന്റെ സി.പി.എം ബന്ധം മൂലമാണെന്നായിരുന്നു കെ. സുധാകരന്റെ ആരോപണം. ഇന്നലെ കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്.

സുധാകരന്‍ വിവരക്കേട് പറയുകയാണെന്നായിരുന്നു സി.കെ ശ്രീധരന്റെ പ്രതികരണം. സുധാകരന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും അബദ്ധവുമാണെന്നും പ്രസ്താവനയില്‍ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സി.കെ പറഞ്ഞു.

വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സി.കെ ശ്രീധരന്റെ പാര്‍ട്ടി മാറ്റമെന്ന് ഇന്നലെ കാസര്‍കോട് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ കെ. സുധാകരന്‍ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സി.കെ ശ്രീധരനും സി.പി.എമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി. മോഹനന്‍ കേസില്‍ പ്രതിയാകാതിരുന്നത്.

ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേര്‍ പോയില്ല. ഇക്കാര്യം സിപിഎമ്മുകാരും സി.കെ ശ്രീധരനും ആലോചിക്കണം. സി.കെ ശ്രീധരന്‍ സി.പി.എമ്മുമായുള്ള ബന്ധം തുടങ്ങിയത് ഇപ്പോഴല്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുതല്‍ അവര്‍ തമ്മില്‍ ബന്ധമുണ്ട്. മോഹനന്‍ മാസ്റ്റര്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് വെറുതെയല്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങളില്‍ ഒന്നിന്റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റം എന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.