വീണ്ടും 'വണ്ടിക്കച്ചവടം': പൊലീസിനും എക്‌സൈസിനുമായി 130 ലധികം ബൊലേറോ വാങ്ങുന്നു; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

വീണ്ടും 'വണ്ടിക്കച്ചവടം': പൊലീസിനും എക്‌സൈസിനുമായി 130 ലധികം ബൊലേറോ വാങ്ങുന്നു; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

പൊലിസ് സ്റ്റേഷനുകള്‍ക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ.
ഫിംഗര്‍പ്രിന്റ് ബ്യൂറോയ്ക്ക് 20 ബൊലേറോ വാങ്ങാന്‍ 1,87,01,820 രൂപ.
എക്‌സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോ.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വാഹനക്കമ്പം അവസാനിക്കുന്നില്ല. സംസ്ഥാനത്തെ പൊലീസ്, എക്‌സൈസ് സേനകള്‍ക്കും വിരലടയാള ബ്യൂറോയ്ക്കുമായി 130 ലധികം വാഹനങ്ങള്‍ വാങ്ങാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനം.

പൊലിസ് സ്റ്റേഷനുകള്‍ക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. എക്‌സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മഹീന്ദ്ര നിയോയും ഫിംഗര്‍പ്രിന്റ് ബ്യൂറോയ്ക്കായി 20 മഹീന്ദ്ര ബൊലേറോ വാങ്ങാന്‍ 1,87,01,820 രൂപയും അനുവദിച്ചു. അതാത് വിഭാഗത്തിലെ വാഹനങ്ങള്‍ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രമേ പുതിയ വാഹനങ്ങള്‍ വാങ്ങാവൂ എന്ന വ്യവസ്ഥ മറികടന്നാണ് പുതിയ കച്ചവട നീക്കം.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍പേഴ്‌സണായി ടി.കെ ജോസിനെയും അംഗമായി ബി.പ്രദീപിനെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സല്‍മാരായ സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ മൂന്ന് വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമിക്കും.

വി.തുളസീദാസ് ശബരിമല വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസറായി പുനര്‍ നിയമനം നല്‍കും. 70 വയസെന്ന ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് വരുത്തി ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും നല്‍കിയാണ് നിയമനം. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.ഐ ഷെയ്ഖ് പരീതിന്റെ പുനര്‍നിയമന കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കും.

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അര്‍ഹരായ തടവുകാരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കും. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

സംസ്ഥാനത്ത് വിദേശ മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കും. 1963 ലെ കേരള ജനറല്‍ സെയില്‍സ് ടാക്‌സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി നാല് ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.