കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിന്റെ പേര് ആരാണ് നിര്‍ദേശിച്ചതെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. മറ്റ് വിസിമാരോ പ്രോ വിസിമാരോ ഉണ്ടായിരുന്നില്ലെയെന്നും എങ്ങനെയാണ് സിസ തോമസിന്റെ പേരിലേക്കെത്തിയെന്നും കോടതി ആരാഞ്ഞു.
സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസ് ദേവന്‍ രാചമന്ദ്രന്റെ ചോദ്യങ്ങള്‍.
സിസ തോമസിനെ നിയമിച്ച രീതിയാണ് പ്രധാനമായും കോടതി ആരാഞ്ഞത്. സിസ തോമസിന്റെ സീനിയോരിറ്റി എത്രത്തോളമുണ്ടെന്നും ഇതേ യോഗ്യതയുള്ള മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ഗവര്‍ണറോട് കോടതി ചോദിച്ചു. വിദ്യാര്‍ത്ഥികളുടെ ഭാവി ഓര്‍ത്താണ് ആശങ്ക. ആരും കുട്ടികളെ പരിഗണിക്കുന്നില്ല. അവരുടെ ഭാവി വച്ച് പന്താടരുതെന്നും കോടതി പറഞ്ഞു. 4000 സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാതെ കെ.ടി.യുവില്‍ മാത്രം കെട്ടിക്കിടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
നിയമന വിഷയത്തില്‍ ചാന്‍സലര്‍ സ്വീകരിച്ചത് ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നു എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഫോണില്‍ പോലും ചാന്‍സലര്‍ ആശയ വിനിമയം നടത്തിയില്ല. വൈസ് ചാനസലറെ നിയമിക്കുമ്പോള്‍ ചാന്‍സലര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തണം. ഇത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
വിസിയെ നിയമിച്ചത് സര്‍ക്കാരുമായി ഒരു വിധത്തിലുമുള്ള കൂടിയാലോചനയും നടത്താതെയാണ്. നടപടി ക്രമങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന ചാന്‍സലറുടെ വാദം ശരിയല്ലെന്നും ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് നിമയപരമായി അധികാരമുണ്ടെന്നും എ ജി അറിയിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവര്‍ വിസി ചുമതല നല്‍കാന്‍ അയോഗ്യരായിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെപേര്തള്ളിയതെന്നും ചാന്‍സലര്‍ വിശദീകരിച്ചു.
താല്‍ക്കാലിക വിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണറുടെഅഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വാദത്തിനിടെ സര്‍വകലാശാല സംവിധാനത്തിലെ വിശ്വാസം വിദ്യാര്‍ഥികളില്‍ നഷ്ടപ്പെടുത്തരുത്, അവരുടെ കരിയര്‍ ആണ് പ്രധാനപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വിസി നിയമനത്തില്‍ ആശങ്ക അറിയിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
കെടിയുവില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം കൃത്യ സമയത്ത് കൊടുക്കാന്‍ കഴിയണം, അല്ലെങ്കില്‍ സംവിധാനത്തിലുളള വിശ്വാസം നഷ്ടപ്പെടും, സര്‍വകലാശാലയുടെ നിലവിലെ പോക്കില്‍ വലിയ ആശങ്കയുണ്ടെന്നും അത് ഗുരുതുരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി പറഞ്ഞു. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളാണ് പ്രധാനപ്പെട്ടത്. അത് ആരും മറന്നു പോകരുതെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു. ഒരിക്കല്‍ സര്‍വകലാശാലയുടെ സല്‍പേര് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുളൊന്നും കൊടുക്കാനില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി. യുജിസി ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 21 നാണ് കെടിയു വിസി ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയത്. സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസ തോമസിന് താല്‍ക്കാലിക നിയമനം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.