കെ റെയില്‍: മഞ്ഞക്കുറ്റി കുഴിച്ചിട്ട വകയില്‍ 56.69 കോടി; ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം 13.49 കോടി: പദ്ധതിക്കായി സര്‍ക്കാര്‍ ചിലവഴിച്ച തുകയുടെ കണക്ക് പുറത്ത്

കെ റെയില്‍: മഞ്ഞക്കുറ്റി കുഴിച്ചിട്ട വകയില്‍ 56.69 കോടി; ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം 13.49 കോടി: പദ്ധതിക്കായി സര്‍ക്കാര്‍ ചിലവഴിച്ച തുകയുടെ കണക്ക് പുറത്ത്

തിരുവനന്തപുരം: വിവാദമായ കെ റെയില്‍ പദ്ധതി കേരള സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പദ്ധതിക്കായി സര്‍ക്കാര്‍ ചിലവഴിച്ച തുകയുടെ കണക്ക് പുറത്ത്. പൊതുജന രോക്ഷം ഭയന്നും കേന്ദ്രാനുമതി ലഭിക്കാനുള്ള സാധ്യതകള്‍ മങ്ങിയതോടെയുമാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരിച്ചു വിളിച്ചു. ഇതിന് പിന്നാലെയാണ് കണക്കുകളും പുറത്ത് വരുന്നത്.

പദ്ധതിക്കായി കെ റെയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമായി മാത്രം ചെലവഴിച്ചത് 13.49 കോടി രൂപയാണ്. ഈ തുക 2022 ജനുവരി ഒന്നിന് റവന്യൂ വകുപ്പിന് കൈമാറി. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളവും കെ റെയിലിന് നല്‍കണമെന്നതാണ് നിബന്ധന.

ഖജനാവില്‍ നിന്നു 56.69 കോടിയാണ് ഈ പദ്ധതിക്കായി ചിലവഴിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിപിആര്‍ തയാറാക്കിയ ജനറല്‍ കണ്‍സള്‍ട്ടന്‍സിയായ ഫ്രഞ്ച് കമ്പനിക്ക് നല്‍കിയത് 22.27 കോടിയാണെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കൈപ്പുസ്തകം, സംവാദം, പ്രചാരണം, ശമ്പളം തുടങ്ങിയവക്കായി കോടികള്‍ ചിലവാക്കിയിട്ടും ഒടുവില്‍ പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്ളത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്രയും തുക പാഴാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് മഞ്ഞ കുറ്റികള്‍ സ്ഥാപിക്കുകയും എതിര്‍ത്ത സമരക്കാരെ ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്തതും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കല്ലിടല്‍ അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിഞ്ഞത്.

ഒടുവില്‍ ഒന്നും നടക്കില്ലെന്നായപ്പോള്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പതിനൊന്ന് ജില്ലകളിലെ ഭൂമി ഏറ്റെടുക്കല്‍ സെല്ലില്‍ ഒന്നര വര്‍ഷമായുള്ള 205 ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനാണ് 27ലെ ഉത്തരവിലൂടെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എറണാകുളം സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ ഏഴു തസ്തികകള്‍ക്കും സ്പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസിലെ 18 തസ്തികകള്‍ക്കുമാണ് തുടര്‍ച്ചാനുമതി നല്‍കിയത്.

18 പേര്‍ വീതമടങ്ങുന്ന സ്പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ 11 യൂണിറ്റുകളെയാണ് നിയോഗിച്ചിരുന്നത്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറെ കൂടാതെ ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ഓരോ തസ്തികയ്ക്കും ക്ലര്‍ക്കിന്റെ രണ്ടു തസ്തികയ്ക്കുമാണ് തുടര്‍ച്ചാനുമതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.