തോമസ് ഹില്‍ഗേഴ്‌സ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം.
ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തെട്ടാം ഭാഗം.
ജീവന്‍ എന്നത് വലിയ ഒരത്ഭുതമാണ്. ശാസ്ത്രം ഇത്രയേറെ വളര്‍ന്ന ഇക്കാലഘട്ടത്തിലും മനുഷ്യ ശരീരത്തെ ഇത്ര സൂക്ഷ്മതയോടെ മനസിലാക്കിയിട്ടും ഇത്രത്തോളം ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടും ജീവന്‍ എന്താണെന്നോ ജീവന്റെ പ്രഭവം എങ്ങനെയെന്നോ മനസിലാക്കാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല.
ഗര്‍ഭഛിദ്രങ്ങള്‍ ഏറെ വര്‍ധിച്ചിരിക്കുന്ന ഒരു കാലമാണിത്. ജീവന്‍ എന്ന ദൈവിക ദാനത്തിന് മനുഷ്യന്‍ വേണ്ട പരിഗണനയും മാഹാത്മ്യവും കല്‍പിക്കുന്നുണ്ടോ എന്ന കാര്യം സംശയിക്കപ്പെടേണ്ട ഒരു കാലം. കുട്ടികള്‍ ഉണ്ടാകാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ദമ്പതികളുടെ ദുഖങ്ങള്‍ മറ്റൊരു വശത്ത്. ഈ പശ്ചാത്തലത്തില്‍ ജീവന്റെ മേഖലയില്‍ വളരെയേറെ സംഭാവനകള്‍ ചെയ്ത ഒരാളെയാണ് ഇത്തവണ നാം പരിചയപ്പെടുന്നത്.
ഈ പംക്തിയില്‍ ഇതുവരെയും പരിചയപ്പെടുത്തിയ എല്ലാവരും കത്തോലിക്കാ സഭയില്‍ വൈദികരോ സമര്‍പ്പിതരോ ആയിട്ടുള്ള ശാസ്ത്രജ്ഞര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് നാം പരിചയപ്പെടുന്ന തോമസ് ഹില്‍ഗേഴ്‌സ് ഒരു അത്മായനാണ്.
തോമസ് ഹില്‍ഗേഴ്‌സ് വൈദ്യം പഠിച്ചത് അമേരിക്കയിലെ Mayo Graduate School of Medicine, Medical College of Ohio at Toledo എന്നീ കോളജുകളിലാണ്. 1969 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ടയില്‍ നിന്നാണ് അദ്ദേഹം വൈദ്യശാസ്ത്ര പഠനം പൂര്‍ത്തീകരിക്കുന്നത്. വൈദ്യശാസ്ത്ര പഠനത്തിനു ശേഷം സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി സ്‌കൂളില്‍ വൈദ്യശാസ്ത്ര ശാഖയില്‍ ചേര്‍ന്നു.
അവിടെ പ്രശസ്തനായ ഒരു അധ്യാപകനായി സേവനം അനുഷ്ഠിച്ചു പോരുന്ന സമയത്താണ് St. Louis University Natural Family Planning Center എന്ന സംവിധാനം അദ്ദേഹം സ്ഥാപിക്കുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, മിസൂറി ഡിവിഷന്‍ ഓഫ് ഹെല്‍ത്ത് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് പഠനത്തിനായി ഗ്രാന്റ് ലഭിച്ചു.
അവിടെ നടത്തിയ പഠനങ്ങളും അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന കണ്ടെത്തലുകളും നിഗമനങ്ങളും 1977 ജൂലൈ മാസം ക്രെയ്റ്റന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ Department of Obstetrics and Gynecology ല്‍ സമര്‍പ്പിച്ചു. ഇതാണ് Creighton Model Fertiltiy Care System എന്ന് അറിയപ്പെടുന്നത്. 1969 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ടയില്‍ നിന്നാണ് അദ്ദേഹം വൈദ്യശാസ്ത്ര പഠനം പൂര്‍ത്തീകരിക്കുന്നത്.
Creighton Model Fertiltiy Care System എന്നത് ഒരു ഫാമിലി പ്ലാനിംഗ് സംവിധാനമാണ്. ഒരു സ്ത്രീയുടെ ആര്‍ത്തവ ചക്രത്തിലെ ഫലദായകവും അല്ലാത്തതുമായ കാലഘട്ടങ്ങളെ തിരിച്ചറിയുക എന്നതാണ് ഈ സംവിധാനത്തിന്റെ കാതല്‍. Billings ovulation method നോട് സമാനമാണ് Creighton Model FertilityCare System. 1960 കളില്‍ കണ്ടെത്തിയ ബില്ലിംഗ്‌സ് മെതേഡിന്റെ ഒരു നവീകരിച്ച രൂപമാണ് ക്രെയ്റ്റന്‍ മോഡല്‍ ഫെര്‍ട്ടിലിറ്റി കെയര്‍ സിസ്റ്റം.
ക്രെയ്റ്റന്‍ മോഡല്‍ ഫെര്‍ട്ടിലിറ്റി കെയര്‍ സിസ്റ്റം ഉപയോഗിച്ചാണ് നാപ്രോ ടെക്‌നോളോജി (NaProTECHNOLOGY-Natural Procreative Technology) പ്രവര്‍ത്തിക്കുന്നത്. ആര്‍ത്തവം, ഗര്‍ഭം എന്നീ കാര്യങ്ങള്‍ 30 വര്‍ഷത്തോളം നിരന്തരമായ നിരീക്ഷണത്തിനും പഠനത്തിനും വിഷയമാക്കിയതിനു ശേഷമാണ് ഈ മോഡല്‍ അദ്ദേഹം മുന്നോട്ട് വെച്ചത്.
തോമസ് ഹില്‍ഗേഴ്‌സ് പഠന വിഷയമാക്കിയ ഇതോടു ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ - വന്ധ്യത, ആര്‍ത്തവ വേദന, അണ്ഡാശയ സിസ്റ്റുകള്‍, പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം, ക്രമരഹിതമായ അല്ലെങ്കില്‍ അസാധാരണമായ രക്തസ്രാവം, പോളിസിസ്റ്റിക് അണ്ഡാശയ രോഗം, ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസല്‍, പ്രീമെച്യുരിറ്റി പ്രിവന്‍ഷന്‍, ഹോര്‍മോണ്‍ തകരാറുകള്‍, വിട്ടുമാറാത്ത ഡിസ്ചാര്‍ജുകള്‍, തുടങ്ങിയവയാണ്.
അദ്ദേഹത്തിന്റെ പഠനങ്ങള്‍ കൂടുതലായും ജനന നിയന്ത്രണം എന്നതിനേക്കാള്‍ എങ്ങനെ ആര്‍ത്തവ-ഗര്‍ഭധാരണ-പ്രസവ കാലഘട്ടങ്ങളെ സഹായിക്കാം എന്ന നിലയിലാണ് നടത്തപ്പെട്ടത്. ആര്‍ത്തവ ചക്രത്തെയും സ്ത്രീയുടെ ആരോഗ്യത്തെയും ഒരു രീതിയിലും ഹാനികരമായി ബാധിക്കാതെ അവരുടെ പ്രകൃതി ദത്തമായ അനുഗ്രഹങ്ങളെ സംരക്ഷിച്ചു കൊണ്ടുതന്നെ ചികിത്സ നടത്താനാകുന്നു എന്നതാണ് നാപ്രോ ടെക്‌നോളജിയുടെ വിജയം.
ഈ സംവിധാനം പരിചയപ്പെട്ടാല്‍ വൈദ്യം പഠിച്ചവര്‍ക്ക് മാത്രമല്ല സാധാരണ സ്ത്രീകള്‍ക്കു പോലും തങ്ങളുടെ ആര്‍ത്തവമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തിരിച്ചറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. തോമസ് ഹില്‍ഗേഴ്‌സ് കണ്ടെത്തിയ ഈ സംവിധാനം പൂര്‍ണമായും കത്തോലിക്കാ സഭയുടെ ധാര്‍മിക പഠനങ്ങളോട് ചേര്‍ന്നു പോകുന്നതാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജനനം നിയന്ത്രിക്കുക എന്നതിനേക്കാള്‍ ജീവനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്രമീകരിക്കാന്‍ സഹായിക്കുക എന്ന നിലയിലാണ് ഈ സംവിധാനത്തെ മനസിലാക്കാന്‍ സാധിക്കുന്നത്.
പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പേരില്‍ മനുഷ്യന്റെ പുനരുല്‍പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ അമേരിക്കയില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. 1994 ല്‍ അദ്ദേഹം പൊന്തിഫിക്കല്‍ അക്കാഡമി ഓഫ് ലൈഫില്‍ ആജീവനാന്ത അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. The Medical and Surgical Practice of NaProTECHNOLOGY എന്ന 2004 ല്‍ പുറത്തിറക്കിയ പുസ്തകം ഹില്‍ഗേഴ്‌സിന്റെ പഠനങ്ങളെയും നിഗമനങ്ങളെയും സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്.
ജീവന് വിരുദ്ധമായ സംസ്‌കാരം പ്രബലമായ ഒരു സമൂഹത്തിലും സംസ്‌കാരത്തിലും നിന്നുകൊണ്ട് ജീവനെ പരിപോഷിപ്പിക്കാനും ധാര്‍മികതയില്‍ നിന്നു വ്യതിചലിക്കാതെ കുടുംബാസൂത്രണം നടത്താനും ഉത്തരവാദിത്വപരമായി സൃഷ്ടി കര്‍മത്തില്‍ സഹകരിക്കാനും ദമ്പതികളെ സഹായിക്കാനുള്ള ഒരു സംവിധാനമാണ് അദ്ദേഹം കണ്ടെത്തിയത്.
ജീവന്‍ അതിന്റെ ആരംഭം മുതല്‍ അവസാനം വരെയും പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്നും ജീവനോടുള്ള അവഗണന ദൈവത്തോടുള്ള നിഷേധം തന്നെയാണെന്നുമുള്ള തിരിച്ചറിവിലേക്ക് കടന്നു വരാന്‍ തോമസ് ഹില്‍ഗേഴ്‌സിന്റെ ജീവിതം നമ്മെ സഹായിക്കുന്നു.
ഈ ലേഖന പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.