ഏലക്കായുടെ വില കുത്തനെ ഇടിഞ്ഞു; കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

ഏലക്കായുടെ വില കുത്തനെ ഇടിഞ്ഞു; കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലക്കായുടെ വിലയിടിഞ്ഞതോടെ ഏലത്തോട്ടങ്ങളില്‍ ആശങ്ക നിറയുകയാണ്. രണ്ടുവര്‍ഷം മുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോള്‍ 900 ലേക്ക് കൂപ്പ് കുത്തിയതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. വിലത്തകര്‍ച്ച പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

അരിവില പോലും 65 ല്‍ എത്തി നില്‍ക്കുമ്പോള്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിലയാണ് ഏലക്കായ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഏല കര്‍ഷകര്‍ മാത്രമല്ല കച്ചവടക്കാരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

സ്പൈസസ് ബോര്‍ഡിന്റെ കണക്കനുസരിച്ച് കേരളത്തില്‍ നാല്‍പ്പതിനായിരം ഹെക്ടര്‍ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലാണ്. ഇവിടങ്ങളില്‍ ചെറുതും വലുതുമായ പതിനായിരക്കക്കിന് കര്‍ഷകരുമുണ്ട്. കോവിഡിനെ തുടര്‍ന്ന് 2020 ല്‍ ഏലം കയറ്റുമതി 1850 ടണ്ണായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ച 20570 ടണ്ണില്‍ 6400 ടണ്‍ മാത്രമാണ് കയറ്റി അയക്കാനായത്. ഉല്‍പ്പാദന ചെലവിന് ആനുപാതികമായി കിലോയ്ക്ക് 2000 രൂപയെങ്കിലും കിട്ടണമെന്ന് കര്‍ഷകര്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഏലച്ചെടികള്‍ വ്യാപകമായി നശിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. കീടനാശിനികളുടെയും രാസ വളത്തിന്റെയും വിലയും ഇരട്ടിയായി. കൂടാതെ തൊഴിലാളികളുടെ കൂലിയും കൂടി. ലേല കേന്ദ്രങ്ങള്‍ വിലയിടിക്കുന്നത് തടയാനും സ്പൈസസ് ബോര്‍ഡിന് ആകുന്നില്ല. വില ഉയര്‍ന്നു നിന്നപ്പോള്‍ നിരവധി കര്‍ഷകരാണ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്തവരും കടത്തിലാണ്.

പ്രശ്നത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എല്ലാ കാര്‍ഷിക മേഖലയും തിരിച്ചടി ഏറ്റു വാങ്ങിയപ്പോള്‍ ഹൈറേഞ്ചിലെ കര്‍ഷകരുടെ ഏക പ്രതീക്ഷ ഏലം വ്യവസായമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഏലത്തിന് ഉയര്‍ന്ന വില ലഭിക്കുന്നതായിരുന്നു കര്‍ഷകരുടെ ആശ്വാസം.

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം വില കൂപ്പുകുത്തിയതും അതിര്‍ത്തികള്‍ അടച്ചതോടെ കയറ്റുമതി നിലച്ചതും കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറി ഏറെ പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.

ഏലം ഉല്‍പാദനം കൂടുന്നതോടെ വില ഇടിവ് തുടരാന്‍ സാധ്യതയുണ്ടെന്നും വില സ്ഥിരത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കര്‍ഷകര്‍ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.