മനാഗ്വ: സ്വേച്ഛാധിപത്യം അരങ്ങ് വാഴുന്ന മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ അമലോത്ഭവ മാതാവിന്റെ ഘോഷയാത്ര നിരോധിച്ച് കത്തോലിക്കാ സഭയ്‌ക്കെതിരെ വീണ്ടും ഭരണകൂടത്തിന്റെ അതിക്രമം. ഡിസംബർ എട്ടിന് നടക്കാനിരിക്കുന്ന അമലോത്ഭവ മാതാവിന്റെ ഘോഷയാത്രയാണ് ഒർട്ടേഗ ഭരണകൂടം നിരോധിച്ചത്.
പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന നാഷണൽ പോലീസ് മനാഗ്വ അതിരൂപതയിലെ സാൻ ജോസ് ഡി ടിപിറ്റപ ഇടവകയിൽ നടക്കാനിരുന്ന ഘോഷയാത്ര നിരോധിച്ചതായി ഇടവകയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
തങ്ങളുടെ വിശ്വാസം പൊതുസ്ഥലത്ത് പ്രകടിപ്പിക്കുന്നത് നിഷേധിക്കുന്ന ഈ നടപടിയിൽ അഗാധമായ ദുഖം പ്രകടിപ്പിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. നടപടിയെത്തുടർന്ന് ഇടവക പള്ളിയിൽ മാത്രമായി ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചതായി വൈദികനായ ഡുലിയോ കാലെറോ അറിയിച്ചു.
നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ദിവസേനയുള്ള കുർബാന, സാൽവെ റജീന ആലാപനം, ജപമാല ചൊല്ലൽ, മതപ്രഭാഷണങ്ങൾ, അമലോത്ഭവ മാതാവിന്റെ നൊവേന പ്രാർഥന എന്നിവ ഉൾപ്പെടെയുള്ള സമ്പൂർണ പരിപാടികളാണ് ഇടവക ആസൂത്രണം ചെയ്തിരിക്കുന്നത്.
രാജ്യത്തിനും സഭയ്ക്കും വേണ്ടി എല്ലാം അമലോത്ഭവ മാതാവിന്റെ സംരക്ഷണത്തിലും മധ്യസ്ഥതയിലും ഏല്പിച്ചുകൊണ്ട് തീക്ഷ്ണതയോടും ഭക്തിയോടും കൂടി ആഘോഷം തുടരണമെന്നും ഈ ദിവസങ്ങളിലെ ഓരോ തിരുക്കർമങ്ങളിലും പങ്കെടുക്കണമെന്നും ഫാദർ ഡുലിയോ കാലെറോ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും ഭാര്യ റൊസാരിയോ മുറില്ലോയും
ഇതാദ്യമായിട്ടല്ല പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നത്. വർഷങ്ങളായി നിക്കരാഗ്വയിലെ കത്തോലിക്കാ സഭ ഒർട്ടെഗ-മുറില്ലോ സ്വേച്ഛാധിപത്യ പീഡനത്തിന്റെ ഇരയാണ്.
2018 മുതൽ 2022 വരെ നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരെ നടന്ന നാനൂറോളം ആക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു റിപ്പോർട്ടിന്റെ പുതിയ പതിപ്പ് അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന അടുത്തിടെ പുറത്തിറക്കിയിരുന്നു.
മാർച്ചിൽ, അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമെർടാഗിനെ പുറത്താക്കിയതും ഇപ്പോൾ മതാഗൽപ്പയിലെ ബിഷപ്പ് റോളാൻഡോ അൽവാരസിനെ വീട്ടുതടങ്കലിലാക്കിയതും ഉൾപ്പെടെ ക്രൈസ്‌തവർക്കെതിരെ ഭരണകൂടം നടത്തുന്ന വേട്ടയാടലുകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരണകൂടത്തെ എതിർക്കുന്നവരെ പീഡിപ്പിക്കുന്നതിന് കുപ്രസിദ്ധമായ എൽ ചിപ്പോട്ടെ ജയിലിൽ നിരവധി പുരോഹിതരെ നാഷണൽ പോലീസ് അറസ്റ്റ് ചെയ്ത് തടവിലിൽ പാർപ്പിച്ചിട്ടുണ്ട്. മാത്രമല്ല കൊൽക്കത്തയിലെ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള കത്തോലിക്കാ സ്ഥാപനങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും കത്തോലിക്കാ സഭയുടെ കീഴിലുള്ള മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു.
ആരാണ് ഡാനിയല്‍ ഒര്‍ട്ടേഗ?
എഴുപത്തറുകാരനായ ഒര്‍ട്ടേഗ ഇടതുപക്ഷ സാന്‍ഡിനിസ്റ്റ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മുന്‍ ഗറില്ലയാണ്. 1979 ല്‍ ഏകാധിപതിയായിരുന്ന അനസ്താസിയോ സോമോസയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രവര്‍ത്തിച്ചത് ഈ സംഘടനയാണ്. 1985 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ആദ്യമായി പ്രസിഡന്റായത്.
പിന്നീട് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഒര്‍ട്ടേഗ പരാജയപ്പെട്ടു. ശേഷം 2007 ലാണ് അദ്ദേഹം വീണ്ടും അധികാരത്തില്‍ എത്തുന്നത്. 2021 ലെ തെരഞ്ഞെടുപ്പില്‍ ഒര്‍ട്ടേഗ തുടര്‍ച്ചയായ നാലാം തവണ അധികാരത്തിലേറി. ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ പ്രവണതകള്‍ കാരണം എതിരാളികള്‍ എപ്പോഴും അദ്ദേഹത്തെ മുന്‍ പ്രസിഡന്റ് സോമോസയുമായി താരതമ്യം ചെയ്യാറുണ്ട്. ഭാര്യ റൊസാരിയോ മുറില്ലോ അതിശക്തയായ വൈസ് പ്രസിഡന്റാണ്.
കത്തോലിക്കാ സഭയുമായുള്ള പ്രശ്‌നങ്ങളുടെ തുടക്കം
നിക്കരാഗ്വയില്‍ കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായുള്ളത്. 1930 മുതല്‍ 1970 കള്‍ വരെ സഭ സോമോസകളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍ സ്വേച്ഛാധിപത്യ നടപടികളെ തുടര്‍ന്നാണ് സഭ ഇവരുമായി അകന്നത്. സോമോസ ഭരണം അവസാനിച്ചതോടെ സഭ ആദ്യം സാന്‍ഡിനിസ്റ്റുകളെ പിന്തുണച്ചു. എന്നാല്‍ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാരണം ആ ബന്ധം ഇല്ലാതായി. ഒര്‍ട്ടേഗയുടെ ഭരണത്തിന്‍ കീഴില്‍ കാത്തോലിക്ക നേതാക്കള്‍ യാഥാസ്ഥിതിക വരേണ്യവര്‍ഗത്തിന് പിന്തുണ നല്‍കി.
പിന്നീട് 2018 ല്‍ നടപ്പാക്കിയ ഒരു സാമൂഹ്യ സുരക്ഷാ പരിഷ്‌ക്കരണമാണ് കത്തോലിക്കാ സഭയുമായുള്ള ഭരണകൂടത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുതൽ വഷളാകാൻ കാരണം. ബിസിനസുകാര്‍, കത്തോലിക്ക നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ പരിഷ്‌ക്കരണത്തിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറി. എന്നാല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്.
ഇന്‍ര്‍-അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ കണക്കുകൾ പ്രകാരം ഏകദേശം 355 ഓളം ആളുകള്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 1,600 പേര്‍ ജയിലിലാവുകയും ചെയ്തു. രാജ്യത്ത് പ്രതിഷേധം ശക്തമായപ്പോള്‍ മധ്യസ്ഥത വഹിക്കാന്‍ ഒര്‍ട്ടേഗ സഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഭ അത് തിരസ്കരിച്ചു.
നിക്കരാഗ്വന്‍ സഭ പ്രതിഷേധക്കാരോട് അനുഭാവം പുലര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. 2018 ഏപ്രിലില്‍ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് മനാഗ്വയിലെ കത്തീഡ്രല്‍ അഭയം നല്‍കി. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും പണവും ശേഖരിക്കുന്നതിനുള്ള ഒരു കേന്ദ്രമായിരുന്നു ഈ കത്തീഡ്രല്‍. കര്‍ദിനാള്‍ ലിയോപോള്‍ഡോ ബ്രെനെസ്, മനാഗ്വ മെത്രാന്‍ സില്‍വിയോ ബേസ് തുടങ്ങിയ വ്യക്തികള്‍ അക്രമത്തെ നിരാകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ബ്രെനെസ് പ്രതിഷേധ പ്രകടനത്തെ ന്യായീകരിക്കുകയും ബേസ് ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്ട്രീയ തീരുമാനത്തെ അപലപിക്കുകയും ചെയ്തു. സില്‍വിയോ ബേസ് 2019 ല്‍ വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം രാജ്യം വിട്ടു. ഭരണകക്ഷിയായ സാന്‍ഡിനിസ്റ്റുകള്‍ ഈ നീക്കം ആഘോഷിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില ബിഷപ്പുമാര്‍ ഗൂഢാലോചന നടത്തുന്നതായി ഒര്‍ട്ടേഗ ആരോപിച്ചു. 'തീവ്രവാദികള്‍' എന്നാണ് പ്രസിഡന്റ് വൈദികരെ വിശേഷിപ്പിച്ചത്.
ജയിലില്‍ കിടക്കുന്ന പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സഭാ നേതാവായ സ്റ്റാനിസ്ലാവ് സോമര്‍ടാഗിനെ ഭരണകൂടം വേട്ടയാടുകയും അദ്ദേഹം രാജ്യം വിടാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. ഇതിനെ വത്തിക്കാന്‍ അപലപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഒർട്ടേഗ ഭരണകൂടം സഭയെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.