'വിധി നടപ്പാക്കുമ്പോള്‍ സ്ഥലങ്ങളുടെ യഥാര്‍ഥ സാഹചര്യം കൂടി കണക്കിലെടുക്കണം': ബഫര്‍ സോണില്‍ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

'വിധി നടപ്പാക്കുമ്പോള്‍ സ്ഥലങ്ങളുടെ യഥാര്‍ഥ സാഹചര്യം കൂടി കണക്കിലെടുക്കണം': ബഫര്‍ സോണില്‍ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ഇത് കേരളമടക്കമുള്ള പല സംസ്ഥാനങ്ങള്‍ക്കും ആശ്വാസകരമാണ്.

വിധി നടപ്പാക്കുമ്പോള്‍ ഓരോ സ്ഥലത്തെയും യഥാര്‍ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കൊണ്ട് ജൂണ്‍ മൂന്നിന് സുപ്രീം കോടതി പുറപ്പടിവിച്ച വിധിയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

നഗരങ്ങള്‍ക്ക് ഉള്ളില്‍ വനമായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങള്‍ ഉണ്ട്. സുപ്രീം കോടതി വിധി ഈ മേഖലകളില്‍ നടപ്പാക്കിയാല്‍ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ സംരക്ഷിത വന മേഖലയുണ്ട്. ഈ മേഖലയില്‍ ബഫര്‍ സോണ്‍ വിധി ശക്തമായി നടപ്പാക്കിയാല്‍ റോഡ് പൊളിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചില വന മേഖലകളെ ബഫര്‍ സോണ്‍ വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഇക്കാര്യം അമിക്കസ് ക്യുറി കെ പരമേശ്വറുമായി ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.