എയിംസിലെ സെര്‍വര്‍ ഹാക്കിങ്: പ്രതികള്‍ക്ക് ചൈനീസ് ബന്ധമെന്ന് സംശയം

എയിംസിലെ സെര്‍വര്‍ ഹാക്കിങ്: പ്രതികള്‍ക്ക് ചൈനീസ് ബന്ധമെന്ന് സംശയം

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സെർവറുകൾ ഹാക്ക് ചെയ്തവർക്ക് ചൈനീസ്, ഉത്തര കൊറിയ ബന്ധമെന്ന് സംശയം. ഹാക്കർമാർ ലക്ഷ്യമിട്ടത് പ്രധാനമായും അഞ്ച് സെർവറുകളെന്നാണ് കണ്ടെത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെ ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ അപഹരിക്കപ്പെട്ടതയാണ് വിവരം. സംഭവത്തെ കുറിച്ച് എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. 

എൻ.ഐ.എ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം എയിംസിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വിവരങ്ങൾ ചോർന്നോയെന്നാണ് ദി ഇന്ത്യ കമ്പ്യൂട്ടർ ഏമർജൻസി റസ്പോൺസ് ടീമും ഡൽഹി പൊലീസും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സർക്കാർ ഏജൻസികളായ ഡൽഹി പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയവരും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിസ്റ്റം അനലിസ്റ്റുകളെ സസ്‌പെൻഡ് ചെയ്തു.

ഹാക്കിംഗ് നടന്ന് 10 ദിവസം പിന്നിടുമ്പോൾ ആശുപത്രിയിലെ അഡ്മിഷൻ, പരിശോധന റിപ്പോർട്ട്, ആശുപത്രി ബില്ലിംഗ് തുടങ്ങി ദൈനംദിന നടപടികളെല്ലാം താളം തെറ്റിയിരിക്കുകയാണ്. മാന്വൽ രീതിയിൽ ഇവയൊക്കെ തയ്യാറാക്കുന്നത് പ്രായോഗികമാകുന്നില്ല.

ഹാക്ക് ചെയ്യപ്പെട്ട സെർവറിലെ വിവരങ്ങൾ ഏഴു ദിവസത്തിനു ശേഷം കുറച്ച് വീണ്ടെടുത്തുവെന്ന് എയിംസ് അറിയിച്ചു. ഡാറ്റ, നെറ്റ് വർക്കിലാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇനിയും വൈകും.

അതേസമയം സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടെന്ന വാർത്ത ഡൽഹി പൊലീസ് നിഷേധിച്ചു.

പ്രതിവർഷം 38 ലക്ഷം രോഗികൾ ചികിത്സയ്ക്കെത്തുന്ന രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസിൽ ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവർത്തനരഹിതമായി. സെർവർ തകരാറാണെന്നാണ് ആദ്യം എയിംസ് അധികൃതൽ കരുതിയത്. നടന്നത് സൈബർ തീവ്രവാദമാണെന്ന് മനസിലാക്കിയ ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ് നവംബർ 25ന് സൈബർ തീവ്രവാദം ചുമത്തി എഫ്.ഐ.ആറും രജിസ്റ്റർ ചെയ്‌തു. 

നടന്നത് റാൻസം വെയർ ആക്രമണമായതിനാൽ ഡാറ്റ തിരിച്ചെടുത്താലും പകുതിയിലധികവും നഷ്ടമാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ ഒട്ട് പേഷ്യന്റ്, ഇൻപേഷ്യന്റ്, ലാബോറട്ടറികൾ തുടങ്ങി എല്ലാ സേവനങ്ങളും മാന്വൽ മോഡിൽ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം 12,000 ത്തിലേറെ രോഗികളെയാണ് പരിചരിച്ചത്. എയിംസിലെ 5,000 ലേറെ കമ്പ്യൂട്ടറുകളിൽ എയിംസ് നെറ്റ്‌വർക്ക് സാനിറ്റൈസേഷൻ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.