തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം.
രാവിലെ 6.30 ന് 3000 മീറ്റർ ഓട്ട മത്സരത്തോടെയാണ് മീറ്റ് ആരംഭിച്ചത്. തുടർന്ന് ട്രാക്കിൽ 400 മീറ്റർ ഹീറ്റ്സ് നടക്കും. ഫീൽഡിൽ പോൾവാൾട്ടോടെയാണ് മത്സരങ്ങൾക്ക് തുടക്കം.
ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിക്കും. പകലും രാത്രിയുമായാണ് മത്സരങ്ങൾ. 2737 കൗമാര കായികതാരങ്ങൾ ഏഷ്യയിലെതന്നെ ഏറ്റവും വലിയ സ്കൂൾ കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കും.
86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്ട്രിയും വിവിധ കാറ്റഗറിയിലായി 10 റിലേ മത്സരങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണു പോരാട്ടം. ഉച്ചവെയിലിന്റെ കാഠിന്യത്തിൽനിന്നു പരമാവധി കായികതാരങ്ങൾക്കു സംരക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെയാണു രാവിലെയും രാത്രിയുമായി മത്സരങ്ങളിൽ ഭൂരിഭാഗവും സംഘടിപ്പിച്ചിരിക്കുന്നത്. സ്പ്രിന്റ് ഇനങ്ങളുടെ ഫൈനലുകൾ രാത്രിയാവും നടത്തുന്നത്.
രാവിലെ 6.30ന് ആരംഭിച്ച് 11നു അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് രാത്രി 8.30നു തീരുകയും ചെയ്യുന്ന രീതിയിലാണു ട്രാക്ക് ഇവന്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ട്രാക്ക് മത്സരങ്ങൾ പൂർണമായും ചന്ദ്രശേഖരൻനായർ സിന്തറ്റിക് സ്റ്റേഡിയത്തിലും ജാവലിൻ ഒഴികെയുള്ള ഫീൽഡ് ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണു നടക്കുക.
ദേശീയ ഗെയിംസിൽ ഫലനിർണയത്തിനായി ഉപയോഗിക്കുന്ന അതേ അത്യാധുനിക ക്രമീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സ്കൂൾ മീറ്റിനുംക്രമീകരിച്ചിട്ടുള്ളത്. ഫോട്ടോഫിനിഷ്, ഫീൽഡ് ഇനങ്ങളിലെ മത്സരഫലങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താനായി ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷർമെന്റ്(ഇഡിഎം), ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, മത്സരസമയത്തെ കാറ്റിന്റെ വേഗം സംബന്ധിച്ചുള്ള കാര്യങ്ങൾ മനസിലാക്കാനായി വിൻഡ് ഗേജ് തുടങ്ങിയ മെഷീനുകൾ സ്ഥാപിച്ച് ഇവയുടെ സാങ്കേതികസഹായത്തോടെയാവും മത്സരങ്ങൾ നടത്തുക. മീറ്റ് ആറിന് സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.