അമേരിക്കയുടെ പിന്തുണയില്ലാതെ റഷ്യൻ അധിനിവേശം തടുക്കാൻ യൂറോപ്പിനാവില്ല: തുറന്ന് സമ്മതിച്ച് ഫിൻലൻഡ്‌ പ്രധാനമന്ത്രി

അമേരിക്കയുടെ പിന്തുണയില്ലാതെ റഷ്യൻ അധിനിവേശം തടുക്കാൻ യൂറോപ്പിനാവില്ല: തുറന്ന് സമ്മതിച്ച് ഫിൻലൻഡ്‌ പ്രധാനമന്ത്രി

സിഡ്‌നി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ ചെറുത്തുനില്‍ക്കാന്‍ സ്വന്തം നിലയിൽ യൂറോപ്പിന് വേണ്ടത്ര ശക്തിയില്ലെന്നും അമേരിക്കയുടെ പിന്തുണയെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ടെന്നും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരീന്‍. യൂറോപ്പിന്റെ പ്രതിരോധം ശക്തമാക്കണമെന്നും ഓസ്ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ സന്ന മരീന്‍ പറഞ്ഞു.

യൂറോപ്പ് ഇപ്പോള്‍ വേണ്ടത്ര ശക്തമല്ലെന്ന് പൂർണ്ണ സത്യസന്ധത പുലർത്തികൊണ്ട് താൻ പറയുന്നുവെന്ന് അവർ വ്യക്തമാക്കി. അമേരിക്ക ഇല്ലെങ്കിൽ യൂറോപ്പ് പ്രതിസന്ധിയിലാകും. ഉക്രെയ്നിന് ഏറ്റവും കൂടുതല്‍ സൈനിക സഹായം നല്‍കുന്നത് അമേരിക്കയാണെന്നും നാറ്റോ അംഗത്വം ആഗ്രഹിക്കുന്ന ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി വ്യക്തമാക്കി.

ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഉക്രെയ്നിനെ പിന്തുണയ്ക്കാനായി അമേരിക്ക 18.6 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്ന് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സ് കഴിഞ്ഞ മാസം നടത്തിയ ഒരു ഗവേഷണത്തിൽ പറഞ്ഞിരുന്നു.

ഉക്രെയ്‌നിനെ സഹായിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ദാതാവ് യൂറോപ്യന്‍ യൂണിയനാണ്. തൊട്ടുപിന്നാലെ യുകെ ആണെന്നും ലോക സമ്പത്ത് വ്യവസ്ഥയെക്കുറിച്ച് പഠിക്കുന്ന കിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. എന്നാല്‍ യൂറോപിന്റെയും യുകെയുടെയും സംഭാവനകള്‍ അമേരിക്കയുടെതിനെ അപേക്ഷിച്ച് വളരെ ചെറുതാണ്.

യൂറോപ്യന്‍ രാജ്യങ്ങൾ തങ്ങളുടെ സൈനിക ശേഖരം ഉക്രെയ്നിനുമായി പങ്കുവെയ്ക്കുന്നതിനാൽ യൂറോപ്യന്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് മരീന്‍ പറഞ്ഞു. അമേരിക്ക ഉക്രെയ്നിന് ധാരാളം ആയുധങ്ങള്‍ നല്‍കി, സാമ്പത്തിക സഹായങ്ങള്‍ നല്‍കി, കൂടാതെ ധാരാളം മാനുഷിക സഹായവും നല്‍കിയിട്ടുണ്ട്. എന്നാൽ യൂറോപ്പിന്റെ സഹായങ്ങള്‍ ഇതുവരെ വേണ്ടത്ര ശക്തമായിട്ടില്ലെന്ന് സിഡ്നിയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കില്‍ സംസാരിച്ച മരീന്‍ വിശദീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരുന്നപ്പോൾ നാറ്റോയിലെ യൂറോപ്യന്‍ രാജ്യങ്ങൾ പ്രതിരോധത്തിനായി വേണ്ടത്ര തുക ചെലവഴിക്കുന്നില്ലെന്ന് നിരന്തരം വിമര്‍ശിച്ചിരുന്നു. അമേരിക്ക 2020 ല്‍ രാജ്യത്തിന്റെ ജിഡിപിയുടെ 3.7 ശതമാനം പ്രതിരോധത്തിനായി ചെലവഴിച്ചുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതേസമയം നാറ്റോയുടെ യൂറോപ്യന്‍ അംഗങ്ങളും കാനഡയും സംയുക്തമായി ജിഡിപിയുടെ ശരാശരി 1.77 ശതമാനമാണ് പ്രതിരോധത്തിനായി ചെലവഴിച്ചത്.

കൂടാതെ കഴിഞ്ഞ ദശകങ്ങളില്‍ റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മരീന്‍ തന്റെ പ്രസംഗത്തിനിടെ വിമര്‍ശിച്ചു. റഷ്യയില്‍ നിന്ന് ഊര്‍ജം വാങ്ങാനും സാമ്പത്തിക നിയന്ത്രണം അവസാനിപ്പിക്കാനുമുള്ള ഒരു തന്ത്രം യൂറോപ്പ് വളരെക്കാലമായി റഷ്യയ്ക്ക് വേണ്ടി കെട്ടിപ്പടുക്കുകയായിരുന്നു. ഈ ബന്ധം യുദ്ധത്തെ തടയുമെന്ന് തങ്ങൾ കരുതിയെന്നും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ ആ ചിന്താഗതി തികച്ചും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങള്‍ പോളണ്ടും ബാള്‍ട്ടിക്സും പോലുള്ള രാജ്യങ്ങളെ കേൾക്കണമായിരുന്നു. ഉക്രെയ്‌നിനെ ആക്രമിക്കുന്ന കാര്യത്തിൽ റഷ്യ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ചോ ഉപരോധങ്ങളെക്കുറിച്ചോ ശ്രദ്ധിക്കില്ലെന്ന് ഈ രാജ്യങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം തുടരാന്‍ റഷ്യക്കുള്ള വിഭവങ്ങള്‍ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഉള്‍പ്പെടെ ഉള്ള രാജ്യങ്ങൾ വ്യാപകമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും പല നാറ്റോ അംഗരാജ്യങ്ങളും യുദ്ധത്തെ തുടര്‍ന്ന് തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ തുക ചിലവഴിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഫെബ്രുവരിയില്‍ ജര്‍മ്മനി സൈന്യത്തിന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി 113 ബില്യന്‍ ഡോളര്‍ അധികമായി പ്രഖ്യാപിച്ചു. കൂടാതെ നാറ്റോയുടെ സൈനിക ചെലവിലേക്ക് ജിഡിപിയുടെ രണ്ട് ശതമാനം നൽകുകയും ചെയ്തു. ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ ജൂണില്‍ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനം ആകുമെന്ന് പറഞ്ഞു.

എല്ലാ നാറ്റോ അംഗങ്ങളും സഖ്യത്തിന്റെ സൈനിക സന്നദ്ധത ഉറപ്പാക്കാന്‍ അതാതുരാജ്യങ്ങളുടെ ജിഡിപിയുടെ രണ്ട് ശതമാനം നൽകണം എന്നാണ് നാറ്റോ പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ ഈ പ്രതിരോധ ചെലവ് ജിഡിപിയുടെ മൂന്ന് ശതമാനം ആയി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യയുമായി നീണ്ട അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡ് മെയ് മാസത്തിലാണ് നാറ്റോയില്‍ ചേരാന്‍ ഔദ്യോഗികമായി അപേക്ഷിച്ചത്. പ്രവേശന പ്രോട്ടോക്കോളുകള്‍ ജൂലൈയില്‍ ഒപ്പുവച്ചു. എങ്കിലും ഫിന്‍ലന്‍ഡിന്റെ പ്രവേശനം മറ്റെല്ലാ നാറ്റോ അംഗങ്ങളും അംഗീകരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.