സിറിയയിൽ ദാരിദ്ര്യം അതിരൂക്ഷം; സഹായമഭ്യർത്ഥിച്ച് വത്തിക്കാൻ

സിറിയയിൽ ദാരിദ്ര്യം അതിരൂക്ഷം; സഹായമഭ്യർത്ഥിച്ച് വത്തിക്കാൻ

ദമാസ്‌ക്കസ്: ഒരു പതിറ്റാണ്ടു നീണ്ട യുദ്ധത്തിന്റെ ക്ലേശങ്ങൾ നേരിടുന്ന സിറിയൻ ജനത, കൊറോണ വ്യാപനം ശക്തമായതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണെന്ന് വെളിപ്പെടുത്തി സിറിയയിലെ വത്തിക്കാൻ പ്രതിനിധി (അപ്പസ്‌തോലിക് ന്യൂൺഷ്യോ) കർദിനാൾ മാരിയോ സെനാരി. വത്തിക്കാൻ പത്രമായ ‘ഒസർവത്താരോ റൊമാനോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിറിയൻ ജനത അനുഭവിക്കുന്ന ദയനീയത കർദിനാൾ പങ്കുവെച്ചത്. 

‘നിരവധി വർഷങ്ങളായി തുടരുന്ന സംഘർഷത്തിൽ ക്ലസ്റ്റർ ബോംബ്, ബാരൽ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങളാൽ നിരവധി സിറിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിൽ അത്തരം ബോംബുകളായിരുന്നെങ്കിൽ ഇപ്പോൾ ‘ദാരിദ്ര്യബോംബ്’ ആണ് സിറിയൻ ജനതയ്ക്ക് ദുരിതം വിതയ്ക്കുന്നത്,’ 2008 മുതൽ സിറിയയിലെ വത്തിക്കാൻ പ്രതിനിധിയായി ശുശ്രൂഷ ചെയ്യുന്ന കർദിനാൾ സെനാരി വെലിപ്പെടുത്തി. സിറിയൻ ജനത ഗുരുതരമായ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. 

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ദാരിദ്ര്യമെന്ന ബോംബ് 80% ജനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇത് ഗൗരവമായി എടുക്കേണ്ട വിഷയമാണെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 93 ലക്ഷം പേർക്ക് ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ ലഭ്യമല്ല. കൊറോണ വൈറസ് രൂക്ഷമായശേഷമാണ് 14 ലക്ഷം പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവന്നത്. എന്നാൽ, പ്രസ്തുത വിഷയത്തെ കുറിച്ച് അന്താരാഷ്ട്രതലത്തിൽ ഗൗരവതരമായ ചർച്ചകൾ നടക്കുന്നില്ല എന്നതാണ് ഖേദകരം. 

മറ്റ് പല സംഘർഷങ്ങളുംപോലെ ഇതും ജനങ്ങൾ മറക്കുന്നു. അല്ലെങ്കിൽ ആളുകൾക്ക് ഇപ്രകാരമുള്ള വാർത്തകൾ കേൾക്കാൻ താൽപ്പര്യമില്ല. ബെയ്‌റൂട്ടിൽ ഉണ്ടായ സ്‌ഫോടനം, അയൽരാജ്യമായ ലെബനീസ് കറൻസിക്കുണ്ടായ മൂല്യത്തകർച്ച എന്നിവ ഉൾപ്പെടെ ഈയിടെ നടന്ന പല സംഭവവികാസങ്ങളും സിറിയയിലെ പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായി. യുദ്ധം മൂലം രാജ്യത്തെ പകുതിയോളം ആശുപത്രികൾ തകർക്കപ്പെട്ടു. അതിനാൽ, ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു. 

സിറിയയുടെ പുനർനിർമിതിക്ക് സഹായമേകുക, സിറിയൻ ജനതയുടെ ക്ലേശങ്ങൾ ലഘൂകരിക്കുക എന്നീ ദൗത്യങ്ങൾ സഭ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി: ‘സഭയ്ക്കും പരിശുദ്ധ സിംഹാസനത്തിനും സാമ്പത്തികമോ സൈനീകമോ ഭൂമിശാസ്ത്രപരമോ ആയ താൽപ്പര്യങ്ങളില്ല. ജനങ്ങൾക്കൊപ്പം വിശിഷ്യാ, ക്ലേശങ്ങൾ സഹിക്കുന്നവരുടെ പക്ഷത്താണ് സഭ. ശബ്ദമില്ലാത്തവരുടെ ശബ്ദമായാണ് സഭ നിലയുറപ്പിക്കുന്നത്. (Catholic News Agency) 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.