തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ മരണം വരെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതു കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണം. പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു.
രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. പ്രതികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി.
പോത്തന്‍കോട്ടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ 40 കാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. വിഷാദ രോഗത്തിന് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ മൃതദേഹം 2018 ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരി മരുന്ന് നല്‍കി ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 സാഹചര്യ തെളിവുകളും 30 സാക്ഷി മൊഴികളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.