തിരുവനന്തപുരം: കമിതാക്കളായിരിക്കെ ഗര്‍ഭം ധരിച്ച കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടത്തി. ഫലം പോസിറ്റീവെങ്കില്‍ മൂന്നാഴ്ചയ്ക്കം കുഞ്ഞിനെ മാതാപിതാക്കള്‍ക്കു തിരികെ നല്‍കും.
കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം ദമ്പതികള്‍ തുറന്നു പറഞ്ഞു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് തങ്ങള്‍ ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലിലാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. സമൂഹത്തിന്റെ ചോദ്യങ്ങളെ നേരിടാന്‍ ഭയമായിരുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
കുഞ്ഞിനെ അമ്മത്തൊട്ടിലിലാക്കിയത് ഏറെ വേദനയോടെയാണ്. എന്നാല്‍ അച്ഛനും അമ്മയും ഇല്ലാതെ കുഞ്ഞ് എങ്ങനെ വളരുമെന്ന് ഓര്‍ത്തപ്പോള്‍ സഹിക്കാനായില്ല. ഉപേക്ഷിച്ചതിന് പ്രായശ്ചിത്തം ചെയ്യും. കുഞ്ഞിനെ നന്നായി നോക്കി നല്ലൊരു ജീവിതം നല്‍കുമെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസം മുന്‍പ് ഉപേക്ഷിച്ച കുഞ്ഞിനെ വേണമെന്നായിരുന്നു നവദമ്പതികളുടെ ആവശ്യം. പ്രണയകാലത്ത് ഗര്‍ഭം ധരിച്ച ശേഷം വിവാഹിതരായതാണ് ഇവര്‍. സമൂഹത്തെ ഭയന്ന് ഗര്‍ഭം ധരിച്ചത് മറച്ചുവച്ച ഇവര്‍ മാതാപിതാക്കളെയോ കുടുംബത്തെയോ കാര്യം അറിയിച്ചിരുന്നില്ല. വിവാഹം നടക്കുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു യുവതി. തിരുവനന്തപുരത്ത് വാടക വീടെടുത്ത് മെയില്‍ പ്രസവിച്ച കുഞ്ഞിനെ ജൂലൈ 17 ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിനെ പിരിഞ്ഞ ശേഷം ദമ്പതിമാര്‍ മാനസികമായി ഏറെ തകര്‍ന്നു. സഹിക്കാനാവാതെ കുഞ്ഞിനെ തിരികെ വാങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ദത്ത് നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങാനിരിക്കെയാണ് സംഭവം പുറത്തു വന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ 'ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍' എന്ന വിഭാഗത്തിലേക്ക് കുഞ്ഞ് മാറുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.