പോലീസ് ആക്ട് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയല്ലന്ന് മുഖ്യമന്ത്രി

പോലീസ് ആക്ട് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയല്ലന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് എതിരായി നിയമം ഉപയോഗിക്കപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. പരാതി നല്കുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട്.

കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിൻ്റെ മറവിൽ ചിലർ നടത്തുന്നുണ്ടെന്നും ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥരാണ് . വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്കൃത സമൂഹത്തിൽ പ്രധാനമാണ്. അതിന് ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥമാണ്. സാമ്പ്രദായിക മാധ്യമങ്ങൾ പൊതുവിൽ ഭരണഘടന കല്പിക്കുന്ന ഈ അതിരുകൾക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കാറ്.

എന്നാൽ, ചില വ്യക്തിഗത ചാനലുകൾ ആ ഭരണഘടനാ നിഷ്കർഷകളെ അനുസരിക്കാൻ തയ്യാറാകുന്നില്ല. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളിൽ നിന്ന് എത്ര ശക്തമായ വിമർശനം നടത്താനും ആർക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അർത്ഥത്തിൽ എടുത്താൽ ആർക്കും ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് തൻ്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവർക്കു മാത്രമേ ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്കൃത ജനസമൂഹം അനുവദിക്കുന്നതുമല്ല. വ്യക്തിയുടെ അന്തസ്, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയിൽ മാധ്യമങ്ങൾക്കും പൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല.

മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ എന്നിവർ നേരിടുന്ന സൈബർ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയർന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും സർക്കാർ തീർച്ചയായും പരിഗണിക്കുക തന്നെ ചെയ്യും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.