ദുബായ് : വിദേശ ലീഗുകളിലെ പ്രമുഖ ടീമുകൾ അണിനിരക്കുന്ന ദുബൈ സൂപ്പർ കപ്പിന്റെ ആദ്യ എഡിഷന് വ്യാഴാഴ്ച കിക്കോഫ്. ചാമ്പ്യൻസ് ലീഗിൽ ആറ് തവണ മുത്തമിട്ട ലിവർപൂൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനൽ, ഏഴ് തവണ ചാമ്പ്യൻസ് ലീഗ് നേടിയ എ.സി. മിലാൻ, എട്ട് തവണ ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ ഒളിമ്പിക് ലയോണൈസ് എന്നീ ടീമുകളാണ് കൊമ്പുകോർക്കുന്നത്. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ടീമുകൾ കഴിഞ്ഞ ദിവസങ്ങളിലായി ദുബൈയിൽ എത്തി പരിശീലനം തുടങ്ങി.
ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലോകകപ്പിൽ മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പിലെ പോരാട്ടങ്ങൾ നടക്കുക. ലോകകപ്പിൽ കളിക്കാത്ത താരങ്ങളാണ് ദുബൈയിൽ ബൂട്ടുകെട്ടുന്നത്. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാം ഉൾപ്പെടെയുള്ളവർ കളിക്കും. 33 അംഗ ടീമുമായാണ് ക്ലോപ്പിന്റെ സംഘം എത്തിയിരിക്കുന്നത്. 12 ദിവസം ടീം ദുബൈയിലുണ്ടാകും. മത്സരം എന്നതിലുപരി പ്രീമിയർ ലീഗിന്റെ ഇടവേളയിൽ പരിശീലനം നടത്തുക എന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം. ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ എ.എം.എച്ച് സ്പോർട്സാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടീമുകൾക്ക് ദുബൈ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
ആഴ്സനൽ ടീം ദുബൈയിൽ പരിശീലനം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയന്റ് നേടുന്നവരായിരിക്കും വിജയികൾ. എന്നാൽ, ലിവർപൂൾ-ആഴ്സനൽ ടീമുകൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടാത്തത് കാണികൾക്ക് നിരാശജനകമാണ്. എ.സി. മിലാനും ലയോണും തമ്മിലും നേരിൽ കളിക്കുന്നില്ല. വ്യാഴാഴ്ച ഉദ്ഘാടനമത്സരത്തിൽ ആഴ്സനൽ ലയോണിനെ നേരിടും. 11ന് ലിവർപൂൾ-ലയോൺ, 13ന് ആഴ്സനൽ -എ.സി. മിലാൻ, 16ന് ലിപർപൂൾ-എ.സി. മിലാൻ എന്നിങ്ങനെയാണ് മത്സരങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.