ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ വെള്ളിയാഴ്ച്ച നിശ്ചയിക്കുമെന്ന് സൂചന. ഉച്ചയ്ക്ക് 12ന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതിഭാ സിങ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് സുഖു, നിലവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞുകേള്‍ക്കുന്നത്.
ചണ്ഡിഗഡിലാണ് നിയമസഭാ കക്ഷി യോഗം ചേരുന്നത്. 68 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചത്. പ്രതിഭാ സിങ് മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ എംഎല്‍എ അല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രതിഭാ സിങ് ആണ്. നിലവില്‍ മാണ്ഡി എംപിയാണ് പ്രതിഭാ സിങ്.
മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭാ സിങ്. നാലു പതിറ്റാണ്ട് കാലം ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ നയിച്ചത് വീരഭദ്ര സിങ്ങ് ആണ്. ഈ പാരമ്പര്യം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോള്‍ പ്രതിഭാ സിങ്ങിന് മുന്‍തൂക്കം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ പ്രതിഭാ സിങ്ങിന് ഉണ്ടെന്നാണ് ചില പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
സുഖ്വിന്ദര്‍ സിങ് സുഖു നദൌന്‍ മണ്ഡലത്തില്‍ നിന്നും അഗ്‌നിഹോത്രി ഹരോളി മണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്. ജയിച്ച എംഎല്‍എമാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ സുഖ് വിന്ദര്‍ സിങ്ങിനാണെന്നാണ് മറ്റു ചില പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലും ഇരുവരുടെയും പ്രകടനത്തില്‍ ഹൈക്കമാന്‍ഡ് തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഇരുവരുടെയും പേരുകള്‍ ഉയര്‍ന്നുവരുന്നതിന് കാരണമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.