പൊലീസ് സേനയിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി നിയമ സഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ്; ന്യായീകരിച്ച് മുഖ്യമന്ത്രി

പൊലീസ് സേനയിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി നിയമ സഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ്; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ ബഷീര്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, കെ.കെ രമ എന്നിവരാണ് നോട്ടീസ് നല്‍കിയത്. സഭാ നടപടികള്‍ നിര്‍ത്തിവച്ച് പ്രമേയം പരിഗണനക്കെടുക്കണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

പൊലീസ് സേനയിലെ രാഷ്ട്രീയവത്കരണം, ക്രിമിനല്‍ കേസില്‍ പൊലീസ് പ്രതിയാകുന്നത് അടക്കമുള്ള വിഷയങ്ങളാണ് അടിയന്തിര പ്രമേയത്തില്‍ ഉന്നയിച്ചത്. അതേസമയം പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേസ് അന്വേഷണങ്ങളില്‍ കാര്യക്ഷമതയോടെയാണ് പൊലീസ് ഇടപെടുന്നത്. പാറശാല ഷാരോണ്‍ കൊലക്കേസും പത്തനംതിട്ട നരബലി കേസുമെല്ലാം സമീപകാലത്ത് പൊലീസ് നേട്ടങ്ങളുണ്ടാക്കിയതാണ്. സൈബര്‍, സാമ്പത്തിക കേസുകളില്‍ അടക്കം പൊലീസ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുയര്‍ന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തി ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. സമൂഹത്തോടൊപ്പം നില്‍ക്കുന്ന പൊലീസിനെ താറടിച്ച് കാണിക്കരുത്. അത് സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇതിന് മറുപടി നല്‍കിയ തിരുവഞ്ചൂര്‍, സ്ത്രീപീഡന കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതില്‍ പോലും പൊലീസിന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായതായി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ ആരോ തെറ്റ് ധരിപ്പിക്കുകയാണെന്നും അത്തരത്തിലുള്ള മറുപടികളാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തൃക്കാക്കരയിലെ സിഐ ആയ സുനു 15 പീഡന കേസുകളില്‍ പ്രതിയാണ്. എന്നിട്ടും അയാളെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു വച്ചു. പിങ്ക് പൊലീസ് പരാജയമായിത്തീര്‍ന്നു. കുറ്റകൃത്യങ്ങള്‍ അനേകമുണ്ടെങ്കിലും 9 ജില്ലകളില്‍ പിങ്ക് പൊലീസ് ഒരു കേസ് പോലും എടുത്തിട്ടില്ല. തീവ്രമായ പ്രശ്‌നത്തിന് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണ്. വഴിവിട്ട പൊലീസിനെ സര്‍ക്കാര്‍ കൂടി സംരക്ഷിച്ചാല്‍ പൊലീസ് എവിടെപ്പോയി നില്‍ക്കുമെന്ന ചോദ്യവും തിരുവഞ്ചൂര്‍ ഉയര്‍ത്തി.

എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചാണ് നടപടി എടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇത്തരം കാര്യങ്ങളിലെല്ലാം പൊലീസ് ഇടപെടല്‍ കാര്യക്ഷമമാണ്. 2016 മുതല്‍ പൊലീസുകാര്‍ പ്രതികളായ 828 ക്രിമിനല്‍ കേസുകളുണ്ടായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്രിമിനല്‍ കേസുകളില്‍ പെട്ട 976 പൊലീസുകാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 828 ആയി കുറഞ്ഞു.

പൊലീസിലെ ക്രിമിനലുകള്‍ കൂടുകയല്ല കുറയുകയാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കസ്റ്റഡി മരണം സംഭവിച്ചാല്‍ അപ്പോള്‍ തന്നെ മറ്റ് ഏജന്‍സിയെ ചുമതല ഏല്‍പ്പിക്കുന്നുണ്ട്. അത് കര്‍ശന നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.