തൃശൂര്‍: ജനറല്‍ ആശുപത്രിയില്‍ക്കിടന്ന 108 ആംബുലന്‍സ് ഡ്രൈവര്‍ അറിയാതെ പതിനാലുവയസുകാരന്‍ ഓടിച്ചത് എട്ടു കിലോമീറ്ററോളം. വാഹനം ഓഫായതോടെ പയ്യന്‍ പുറത്തിറങ്ങി. അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും പിന്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറും എത്തിയിരുന്നു. കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
തിങ്കളാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. പനിയും രക്താണുക്കളുടെ കുറവുമായി നാലുദിവസമായി ജനറല്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു പത്താംക്ലാസുകാരന്‍. ആശുപത്രി ജീവനക്കാരിയുടെ മകനാണ്. മകനെ കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആംബുലന്‍സില്‍ കയറി ഓടിച്ചുപോയതായി അറിയുന്നത്. ഡ്രൈവര്‍ തൃശൂര്‍ സ്വദേശി പൈനാടത്ത് ബിജോ താക്കോല്‍ വാഹനത്തില്‍ത്തന്നെ വെച്ച് പുറത്തിറങ്ങിയ സമയത്തായിരുന്നു പതിനാലുകാരന്റെ വാഹനം കടത്തല്‍.
ആശുപത്രിയില്‍ നിന്ന് നേരെ ഒല്ലൂര്‍ റോഡിലേക്കാണ് കയറിയത്. ഒല്ലൂര്‍ സെന്ററില്‍ എത്തിയ ശേഷം വലത്തോട്ടു തിരിഞ്ഞ് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്കു കയറി. തുടര്‍ന്ന് റെയില്‍വേ ക്രോസ് മറികടന്നു. ഇതു കഴിഞ്ഞുള്ള വളവിലാണ് വാഹനം നിന്നുപോയത്. ഇതോടെ തള്ളി സഹായിക്കാനായി നാട്ടുകാര്‍ എത്തി. രണ്ടു തവണ തള്ളിയിട്ടും വാഹനം സ്റ്റാര്‍ട്ട് ചെയ്യാനായില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ക്ക് സംശയം തോന്നുന്നത്. കൈയില്‍ ഡ്രിപ്പ് കയറ്റിയതിന്റെ സൂചി സംശയം വര്‍ധിപ്പിച്ചു. ഇത്രയുമായപ്പോഴേക്കും ആംബുലന്‍സ് അധികൃതര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.
4.15-നാണ് ആംബുലന്‍സ് വളവിലെത്തുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി. കുട്ടിയെയും ആംബുലന്‍സും സ്റ്റേഷനിലേക്കു കൊണ്ടു പോയി. പിന്നീട് ആംബുലന്‍സ് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച് വെള്ളമെടുക്കാനായി പോയപ്പോഴാണ് ആംബുലന്‍സ് കാണാതായതെന്നാണ് ഡ്രൈവര്‍ പറയുന്നത്. എവിടെ എന്നറിയാന്‍ ജി.പി.എസ് സഹായം തേടി. ഒല്ലൂര്‍ ഭാഗത്തേക്കാണ് വാഹനം പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസിലായി. ഇതൊടെ തൊട്ടടുത്തുള്ള ആംബുലന്‍സിന്റെ സഹായം തേടി. ഇവര്‍ ഉടനെതന്നെ അടുത്തെത്തുകയായിരുന്നു.
ആംബുലന്‍സ് കാണാതായ സംഭവത്തില്‍ ഡ്രൈവര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. അനുവാദം കൂടാതെ ആംബുലന്‍സ് കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.