ഉ​ക്രെ​യ്നി​ൽ ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ; രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്; തണുപ്പിൽ വിറങ്ങലിച്ച മലയാളികൾക്ക് അഭയം നൽകി കന്യാസ്ത്രീകൾ

ഉ​ക്രെ​യ്നി​ൽ ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ; രാജ്യത്ത് ഊർജ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്; തണുപ്പിൽ വിറങ്ങലിച്ച മലയാളികൾക്ക് അഭയം നൽകി കന്യാസ്ത്രീകൾ

ന്യൂ​ഡ​ൽ​ഹി: ഉ​ക്രെ​യ്നി​ൽ ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഇപ്പോഴും തു​ട​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി. റ​ഷ്യ-​ഉ​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഉ​ക്രെ​യ്നി​ലെ മെ​ഡി​ക്ക​ൽ വിദ്യാ​ർ​ഥി​ക​ൾ ഉൾപ്പെടെയുള്ളവരിൽ ഏ​റി​യ​പ​ങ്കും ഇ​ന്ത്യ​യി​ലേ​ക്ക് മടങ്ങിയെങ്കിലും 1,100 ഇ​ന്ത്യ​ൻ വിദ്യാർഥിക​ൾ ഇപ്പോ​ഴും ഉ​ക്രെ​യ്നി​ൽ തു​ട​രു​ന്ന​താ​യാണ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ വിശദീകരിച്ചത്.

റ​ഷ്യ-​ഉ​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ 25 ന് ​എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും സു​ര​ക്ഷി​ത​മാ​യി ഉ​ക്രെ​യ്ൻ വി​ട​ണ​മെ​ന്ന് കീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് അതിർത്തി ക​ട​ക്കു​ന്ന​തി​ന് ല​ഭ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളും സ​ഹാ​യ​ത്തി​നാ​യി ഉ​ക്രെ​യ്നി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഇന്ത്യക്കാരാ​യ ഉദ്യോഗസ്ഥ​രു​ടെ വി​വ​ര​ങ്ങ​ളും എം​ബ​സി പു​റ​ത്തു വി​ട്ടി​രു​ന്നു. എങ്കിലും കുറച്ച് വിദ്യാർഥികൾ ഉ​ക്രെ​യ്നിൽ തുടരുകയായിരുന്നു.


അതേസമയം നിര്‍ണായക മേഖലകളില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതോടെ ഉ​​​​​​ക്രെ​​​​​​യ്നിലെ പലയിടങ്ങളിലും വലിയ ഊര്‍ജ്ജ പ്രതിസന്ധിണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. ഉ​​​​​​ക്രെ​​​​​​യ്നിലെ ഒഡെസയിലാണ് മഞ്ഞ് കാലമായിട്ട് കൂടിയും ഇത്തരത്തില്‍ ഗുരുതര പ്രതിസന്ധി നിലനിൽക്കുന്നത്. 1.5 മില്യണ്‍ ആളുകളാണ് ഇവിടെ പൂര്‍ണമായും ഇരുട്ടില്‍ കഴിയുന്നത്. വൈദ്യുതി ഉല്‍പാദന സംവിധാനങ്ങള്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ നശിച്ചതോടെയാണ് ഒഡെസ ഇരുട്ടിലേക്ക് നീങ്ങിയത്.

സാഹചര്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിലാണെന്ന് ഉ​​​​​​ക്രെ​​​​​​യ്ൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി പ്രതികരിച്ചു. ഒഡെസയുടെ തെക്കന്‍ തുറമുഖ നഗര മേഖലയിലെ എല്ലാ നിര്‍ണായക സംവിധാനങ്ങളെയും ഡ്രോണ്‍ ആക്രമണം തകര്‍ത്തിരിക്കുകയാണ്. റഷ്യയ്ക്ക് ആയുധവും ആക്രമണത്തിനുള്ള മറ്റ് സഹായങ്ങളും ചെയ്ത് നല്‍കുന്നതിന് യുഎൻ ഇറാനെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഈ തുറമുഖ നഗരം ഇരുട്ടിലായത്.

ഇറാന്‍ നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഉ​​​​​​ക്രെ​​​​​​യ്നില്‍ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുള്ളത്. ഒഡേസയിലെ നിര്‍ണായക മേഖലയിലെല്ലാം തന്നെ വൈദ്യുതി പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. 15 ല്‍ അധികം ഡ്രോണുകളാണ് ഒഡേസയേയും മികോലേവിനെയും ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് ഉ​​​​​​ക്രെ​​​​​​യ്ൻ സേനാ വ്യൂഹങ്ങളും വിശദമാക്കുന്നത്.


ഇതില്‍ 10 ഓളം ഡ്രോണുകളെ വെടിവച്ച് വീഴ്ത്തിയെന്നും ഉ​​​​​​ക്രെ​​​​​​യ്ൻ വ്യക്തമാക്കി. ഒക്ടോബര്‍ മുതലാണ് റഷ്യ ഉ​​​​​​ക്രെ​​​​​​യ്നിലെ ഊര്‍ജ്ജ മേഖലയെ ലക്ഷ്യമിട്ടുള്ള വ്യോമ ഡ്രോണ്‍ ആക്രമണം രൂക്ഷമാക്കിയത്. ശനിയാഴ്ചയുണ്ടായ ആക്രമണം സുപ്രധാന വൈദ്യുത ലൈനുകളെയെല്ലാം തകരാറിലാക്കിയെന്നാണ് ഉക്രെയ്ൻ വിശദമാക്കുന്നത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതീക്ഷിച്ചതിലും അധികം സമയം ഒഡേസയിലെ അറ്റകുറ്റപണികള്‍ക്ക് ആവശ്യമായി വരുമെന്നാണ് ഭരണകൂടം വിശദമാക്കിയത്. അതിനാല്‍ മഞ്ഞുകാലത്തിന്റെ നല്ലൊരു പങ്കും ഇരുട്ടില്‍ കഴിയേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

അതിനിടെ ഉക്രെയ്നിലെ ഹർകീവിൽ കൊടും തണുപ്പിൽ വിറങ്ങലിച്ച ഹോസ്റ്റൽ മുറിയിൽ നിന്ന് തൃശൂർ സ്വദേശി അരുണിനും കണ്ണൂർ സ്വദേശി അഖിലിനും കന്യാസ്ത്രീകൾ താൽക്കാലിക മോചനം നൽകിയത് സമൂഹമാധ്യമങ്ങളിൽ വാർത്തയാകുന്നു. റഷ്യൻ ആക്രണത്തിൽ ഹോസ്റ്റലിലെ ഹീറ്റർ സംവിധാനം തകർന്നതോടെ മെഡിക്കൽ വിദ്യാർഥികളായ ഇരുവരും സഹായമഭ്യർഥിച്ച് കന്യാസ്ത്രീകളും വയോധികരായ അന്തേവാസികളും മാത്രം താമസിക്കുന്ന മഠത്തിൽ എത്തുകയായിരുന്നു.


അരുണും അഖിലും കന്യാസ്ത്രീകൾക്കൊപ്പം

അവിടെ എറണാകുളം അങ്കമാലി സ്വദേശിനി സിസ്റ്റർ ലിജി പയ്യപ്പിള്ളി അവരെ കരുതലിന്റെയും കരുണയുടെയും ഊഷ്മളതയിലേക്കു സ്വീകരിച്ചു. യുദ്ധത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ, ആറു മാസം കൂടി കോഴ്സിൽ പങ്കെടുത്താൽ പഠനം പൂർത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് അരുണും അഖിലും ഉക്രെയ്നിൽ തിരിച്ചെത്തിയത്.

പക്ഷേ, ഹർകീവിൽ റഷ്യ വീണ്ടും ബോംബുവർഷം തുടങ്ങിയതോടെ അരുണും അഖിലും അടക്കമുള്ളവർ ഉഷ്റോഗദിലേക്കു മാറി. ആക്രമണത്തിൽ ഹോസ്റ്റലിലെ ഹീറ്റർ സംവിധാനം തകർന്നതും വൈദ്യുതിയില്ലാത്തതും ദുരിതത്തിലാക്കിയപ്പോഴാണ് അരുണും അഖിലും മഠത്തിൽ അഭയം തേടിയത്.

ഉക്രെയ്ൻ – ഹംഗറി അതിർത്തിക്കടുത്ത് മുക്കാച്ചേവ നഗരത്തിൽ റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്കിന്റേതാണ് മഠം. സിസ്റ്റർ ലിജിക്കു പുറമേ ചാലക്കുടി സ്വദേശിനി സിസ്റ്റർ ജയതിയും ഉക്രെയ്ൻ സ്വദേശിനികളായ 18 കന്യാസ്ത്രീകളും 19 വയോധികരായ അന്തേവാസികളുമാണ് ഇവിടെയുള്ളത്.

യുദ്ധം കൊടുമ്പിരി കൊണ്ടുനിൽക്കുമ്പോഴും 20 വർഷം സേവനം ചെയ്ത തനിക്ക് പൗരത്വം നൽകിയ രാജ്യം വിട്ടു പോകുന്നില്ലെന്ന തീരുമാനത്തിലായിരുന്നു സിസ്റ്റർ ലിജി. യുദ്ധമേഖലയിൽ കുടുങ്ങിയ നിരവധി വിദ്യാർഥികൾക്ക് സിസ്റ്റർ അഭയം നൽകുകയും നാട്ടിലേക്കു പോകാൻ വഴിയൊരുക്കുകയും ചെയ്തു.

വൈദ്യുതി വിതരണ സംവിധാനങ്ങൾ റഷ്യ തകർത്തതോടെ കൊടും തണുപ്പിൽ ജീവൻ നിലനിർത്താൻ പ്രയാസപ്പെടുകയാണ് ജനങ്ങൾ. മൈനസ് 20 സെൽഷ്യസിലേക്കു വരെ താപനില താഴുമ്പോൾ, അതിജീവിക്കാനുള്ള പോരാട്ടമാണ് അവർ നടത്തുന്നത്.

തണുപ്പ് രൂക്ഷമാകുന്നതോടെ, കീവ് ഉൾപ്പടെ യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിലെ മൂന്നു ലക്ഷത്തോളം പേരെ പുനരധിവസിപ്പിക്കേണ്ടി വരുമെന്നാണ് കണക്ക്. അതിൽ കുറച്ചു പേർക്കെങ്കിലും താമസ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് തന്റെ പ്രസ്ഥാനമെന്നു സിസ്റ്റർ ലിജി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.