നിലപാടില്‍ പിന്മാറ്റം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും; പ്രസംഗം തയാറാക്കാന്‍ നിര്‍ദേശം

നിലപാടില്‍ പിന്മാറ്റം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും; പ്രസംഗം തയാറാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭാ സമ്മേളനം തുടരാനുള്ള സര്‍ക്കാര്‍ നിലപാടില്‍ പിന്മാറ്റം. ബജറ്റ് അവതരിപ്പിക്കുന്നതിനായി ജനുവരി പകുതിയോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.  

പ്രസംഗം തയാറാക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയതായാണ് വിവരം. എന്നാല്‍ നയപ്രഖ്യാപനം എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ബജറ്റിന് മുന്‍പോ അല്ലെങ്കില്‍ അതിനു ശേഷമോ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ജനുവരി പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ച സമ്മേളനത്തിന്റെ തുടര്‍ച്ചയാകും. കലണ്ടര്‍ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നതാണ് പതിവ്. എന്നാല്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഗവര്‍ണറെ കൊണ്ട് നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെയും നയപ്രഖ്യാപന പ്രസംഗം എന്ന അവസരം മുതലെടുത്ത് സര്‍ക്കാരിനെ ഗവര്‍ണര്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. 

ഇപ്പോഴും കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ നയപ്രഖ്യാപനം ഗവര്‍ണര്‍ അത്ര എളുപ്പം ഒപ്പിടുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. അഥവാ ഒപ്പിട്ടാല്‍ തന്നെ അത് അതേപടി വായിക്കാനും ഇടയില്ല. ഇക്കാരണങ്ങളാല്‍ ആയിരുന്നു നയപ്രഖ്യാപനം പ്രസംഗം നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.