കാസര്‍ഗോഡ്: വീണ്ടും മലയാളി കുടുംബം ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സംശയം. വിദേശത്തേക്ക് പോയ കാസര്‍ഗോഡ് സ്വദേശികളായ ദമ്പതികളെയും കുട്ടികളെയുമാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. ഉദിനൂര്‍ സ്വദേശികളായ മുഹമ്മദ് ഷബീര്‍, റിസ്വാന എന്നിവരെയും നാല് മക്കളെയുമാണ് കാണാതായത്. ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായി ദുബായില്‍ ആയിരുന്നു ഷബീറും കുടുംബവും. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. ഇതിന് ശേഷം ഇവരെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടെ സൗദി വഴി ഇവര്‍ മതപഠനത്തിനായി യമനില്‍ എത്തിയതായും വിവരമുണ്ട്. ഇവിടെവെച്ച് ഇവര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നിരിക്കാമെന്നാണ് ഷബീറിന്റെയും റിസ്വാനയുടെയും കുടുംബത്തിന്റെ ആശങ്ക. ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇവര്‍ക്ക് പുറമേ പടന്ന സ്വദേശികളായ രണ്ട് പേര്‍ കൂടി മതപഠനത്തിനായി യമനില്‍ എത്തിയതായാണ് സൂചനകള്‍. ഒരാള്‍ സൗദി വഴിയും രണ്ടാമത്തെയാള്‍ ഒമാന്‍ വഴിയുമാണ് യമനില്‍ എത്തിയത്. ഇവരും ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്നാണ് സംശയിക്കുന്നത്. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2016 ല്‍ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും 21 പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതില്‍ ഏഴ് പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒന്‍പത് അംഗ സംഘം നിലവില്‍ അഫ്ഗാനിസ്ഥാനില്‍ തടവിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.