ബഫര്‍ സോണില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറുകള്‍ ഒരാഴ്ചയ്ക്കുളില്‍ വ്യക്തമാകും: മന്ത്രി എം.ബി രാജേഷ്

ബഫര്‍ സോണില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പറുകള്‍ ഒരാഴ്ചയ്ക്കുളില്‍ വ്യക്തമാകും: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളും നിര്‍മിതികളും പൂര്‍ണമായി ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ഇടപെടലാണ് തദ്ദേശ സ്വയംഭരണ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ജനവാസ കേന്ദ്രങ്ങളും നിര്‍മിതികളും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിധിയില്‍ ബഫര്‍സോണ്‍ ഭൂപടത്തിന്റെ കരട് ഇതിനകം തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഭൂപടത്തിലും ഏതെങ്കിലും വീടോ നിര്‍മിതിയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും രേഖപ്പെടുത്തി ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയുള്ള വിവരശേഖരണത്തെക്കുറിച്ച് സര്‍ക്കുലര്‍ പുറത്തിറങ്ങി. മലയോര മേഖലയിലെ ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തെ സംബന്ധിച്ച വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും രംഗത്തിറങ്ങണമെന്നും മന്ത്രി വ്യക്തമാക്കി.

ജനവാസ കേന്ദ്രങ്ങളും നിര്‍മിതികളും പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഏതൊക്കെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കും. എല്ലാ വീടുകളെയും നിര്‍മിതികളെയും ഒഴിവാക്കിയാണ് ഭൂപടം തയാറാക്കിയതെങ്കിലും ഏതെങ്കിലും നിര്‍മിതി ഇനിയും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം. 2023 ജനുവരി ഏഴിനുള്ളില്‍ ഈ വിവരങ്ങള്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ഫീല്‍ഡ് തല പരിശോധന നടത്തി വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പ്രത്യേക ജനകീയ കമ്മിറ്റിയും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കും.

ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാര്‍ഡ് മെമ്പര്‍, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫിസര്‍/ വില്ലേജ് ഓഫിസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥന്‍, എന്നിവരടങ്ങുന്നതാണ് വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന സമിതി. സമിതി രൂപീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ചുമതല. സമിതി വിലയിരുത്തല്‍ നടത്തി സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ കെഎസ്ആര്‍ഇസി വികസിപ്പിച്ച മൊബൈല്‍ ആപ്പില്‍ ജിയോ ടാഗ് ചെയ്ത് അപ്ലോഡ് ചെയ്യും.

സാങ്കേതിക പരിജ്ഞാനമുള്ള എന്‍ജിനീയറിങ് കോളജ്/ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍, കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഇതിന് ഉപയോഗിക്കാം. വിലയിരുത്തല്‍ നടത്തുമ്പോള്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകുന്നില്ലെങ്കില്‍, സൗകര്യം ലഭ്യമാകുന്നിടത്ത് വച്ച് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്. വനംവകുപ്പും കെഎസ്ആര്‍ഇസിയും ആപ്പ് സംബന്ധിച്ച് സാങ്കേതികമായ പരിശീലനം നല്‍കും.

ഫീല്‍ഡ് തല വാലിഡേഷന്‍ നടത്തിയ ശേഷം വിവരങ്ങള്‍ ക്രോഡീകരിച്ച് വനംവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ലഭ്യമാക്കും. ഈ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്യും. മാപ്പ് പരിശോധിച്ച് എല്ലാ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇങ്ങനെ പരിശോധന പൂര്‍ത്തിയാക്കി, പ്രാദേശിക തലത്തിലെ അന്തിമ റിപ്പോര്‍ട്ട് വനംവകുപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനം കൈമാറും. വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ബഫര്‍സോണുമായി ബന്ധമുള്ള എല്ലാ വാര്‍ഡുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.