അബുജ: ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നൈജീരിയയിൽ അൻപതോളം പേരെ തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് തെക്കൻ കടുനയിലെ കഫഞ്ചൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് യാക്കൂബ് കൗണ്ടി. ഡിസംബർ 18 ന് കടുന സംസ്ഥാനത്ത് നടന്ന അക്രമാസക്തമായ ആക്രമണം ക്രിസ്ത്യൻ ഗ്രാമവാസികൾക്ക് മേൽ "തിന്മ അഴിച്ചുവിടാനുള്ള ആസൂത്രിത പദ്ധതി"യാണെന്ന് ബിഷപ്പ് വ്യക്തമാക്കിയതായി സിഎൻഎ റിപ്പോർട്ട് ചെയ്തു.
"ഈ ആക്രമണങ്ങളെ ഞങ്ങൾ മനസിലാക്കുന്നത് തിന്മ അഴിച്ചുവിടാനും ക്രിസ്ത്യാനികളെ ഭയപ്പെടുത്താനുമുള്ള ബോധപൂർവമായ പദ്ധതിയാണെന്നാണ്. അതിന് കാരണം ഞങ്ങൾ ഒരു പ്രത്യേക മതം സ്വീകരിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ നമ്മുടെ രാജ്യത്ത് അവരുടെ അക്രമ പ്രവർത്തനങ്ങളെ ഞങ്ങൾ എതിർക്കുന്നതുകൊണ്ടോ ആണ്" എന്നും ബിഷപ്പ് യാക്കൂബ് കൗണ്ടി വിശദീകരിച്ചു.
ബിഷപ്പ് യാക്കൂബ് കൗണ്ടി
“ഈ ക്രിസ്തുമസ് മികച്ചതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ ആക്രമണം ഞങ്ങളുടെ ആത്മാവിനെ തളർത്തി, വിശ്വാസം മുറുകെ പിടിക്കാനും ഈ വിപത്തിന് അന്ത്യം പ്രതീക്ഷിക്കാനും ആളുകളെ പ്രചോദിപ്പിക്കാനാണ് ഇപ്പോൾ ഞങ്ങൾ ശ്രമിക്കുന്നത് ” എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
സഹായമെന്ന് പ്രതീക്ഷിച്ചു, എന്നാൽ അവർ വെടിയുതിർത്തു
കടുനയിലെ മല്ലഗം പട്ടണത്തിലും പരിസരത്തുമായി കഴിഞ്ഞയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. കൂട്ടക്കൊലയ്ക്ക് പുറമെ നിരവധി ആളുകളെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. 100 ഓളം വരുന്ന ആയുധധാരികളായ ഒരു സംഘം മോട്ടോർ സൈക്കിളുകളിലും ട്രക്കുകളിലും മല്ലഗമിൽ എത്തിയതായി ദൃക്‌സാക്ഷികൾ പറയുന്നു.
അക്രമകാരികൾ എത്തിയപ്പോൾ തങ്ങൾ ആദ്യം കരുതിയത് പ്രധാന തെരുവിലൂടെ റോന്ത് ചുറ്റുന്ന സൈന്യം നഗരത്തിൽ സുരക്ഷയൊരുക്കാൻ എത്തിയതാണ് എന്നാണെന്ന് ദൃക്‌സാക്ഷിയായ ഇമ്മാനുവൽ അല്ലു ഡൊമിനിക് പറഞ്ഞു. കാരണം ആക്രമണം നടക്കാനുള്ള സാധ്യതകളെക്കുറിച്ച് ദിവസങ്ങളായി കിംവദന്തികൾ പ്രചരിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു.
സഹായം എത്തിയെന്ന് വിശ്വസിച്ച് പ്രദേശത്തെ നിരവധി ആളുകൾ വാഹത്തിനടുത്തേക്ക് ചെന്നു, എന്നാൽ അവർ വെടിയുതിർത്തുവെന്നും അദ്ദേഹം പറഞ്ഞു. "സഹായം എത്തിച്ചേർന്നുവെന്ന പ്രതീക്ഷയിൽ പ്രദേശത്തുള്ളവർ വാഹനത്തിനടുത്തേക്ക് കുതിച്ചു. എന്നാൽ അവരുടെ ജീവിതയാത്ര അവിടെ അവസാനിച്ചു" ദുഖത്തോടെ ഡൊമിനിക് പറഞ്ഞു നിർത്തി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ നിന്നും
മൂന്ന് ദിവസത്തിനിടെ നാല് ഗ്രാമങ്ങളിലായി 46 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഈ പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. ഈ ആളുകൾക്ക് സർക്കാരിൽ നിന്ന് സൂപ്പ് ക്യൂബുകളും അരിയും പോലുള്ള അടിയന്തര സാമഗ്രികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഈ സഹായം ദീർഘകാലം ഉണ്ടാകില്ലെന്ന് ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ജോസിലെ കത്തോലിക്കാ പത്രപ്രവർത്തകൻ ഫാദർ ജസ്റ്റിൻ ഡൈകുക്ക് പറയുന്നു.
കൊല്ലപ്പെട്ടവരെല്ലാം ക്രൈസ്തവർ
ആക്രമണത്തിന്റെ ഇരകള്‍ എല്ലാവരും തന്നെ ക്രിസ്ത്യാനികളാണെന്ന് സി.എസ്.ഡബ്യു’വിന്റെ അഡ്വക്കസി ജോയിന്റ് തലവനായ ഡോ. ഖടാസി ഗോണ്ട്വേ പറഞ്ഞു. ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും ബൊക്കോഹറാമും, മറ്റ് തീവ്രവാദി സംഘടനകളുമായി കൈകോര്‍ത്തിരിക്കുന്ന ഫുലാനി പോരാളികളുമാണ് ആക്രമണത്തിന്റെ പിന്നിലെന്നും ഇവര്‍ വെളിപ്പെടുത്തി.
ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങളില്‍ നിന്നും വളരെ ഭീതിജനകവുമായ ആക്രമണമായിരുന്നുവെന്നും ഗോണ്ട്വേ പറയുന്നു. കടുണയില്‍ മാത്രം 11 സൈനീക കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും ഗോണ്ട്വേ സ്മരിച്ചു.
ക്രിസ്തുമസ് ആഘോഷത്തിനായി ഒരുപാടുപേര്‍ ഒത്തുകൂടുമെന്നും, അതിനാല്‍ ആക്രമിക്കുക എളുപ്പമാണെന്നും അവര്‍ക്കറിയാം, ക്രിസ്തുമസ് തടസ്സപ്പെടുത്തുക മാത്രമല്ല വരുന്ന ഫെബ്രുവരിയില്‍ നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ക്രൈസ്തവരെ അകറ്റുക എന്ന ലക്ഷ്യം കൂടി ആക്രമണത്തിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൈജീരിയൻ പ്രസിഡന്റിനെ വിളിച്ച് പ്രതിഷേധം
വാഷിംഗ്ടൺ ഡി.സി.യിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി പങ്കെടുത്ത അമേരിക്കൻ, ആഫ്രിക്കൻ നേതാക്കളുടെ മൂന്ന് ദിവസത്തെ ഉച്ചകോടിക്ക് തൊട്ടുപിന്നാലെയാണ് കടുനയിലെ ദാരുണമായ കൂട്ടക്കൊല നടന്നത്.
ഉച്ചകോടിയിൽ ബുഹാരിയുടെ സാന്നിധ്യം അറിഞ്ഞുകൊണ്ട് ഡിസംബർ 16 ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസിന് പുറത്ത് ഒരു ഡസൻ പ്രതിഷേധക്കാർ ഒത്തുചേർന്നു. മാത്രമല്ല സമ്മേളനത്തിൽ പങ്കെടുത്ത സേവ് ദ പെർസിക്യൂറ്റഡ് ക്രിസ്ത്യൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡെഡെ ലോഗെസനെ "ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് നിർത്തുക" എന്ന സന്ദേശമുള്ള ബാനർ വീശിയതിന് ഓഡിറ്റോറിയത്തിൽ നിന്ന് പുറത്താക്കി.
നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി
നൈജീരിയൻ പ്രസിഡന്റ് ബുഹാരി ഇനിയൊരിക്കലും പ്രസിഡന്റ് ബൈഡനുമായും ആഫ്രിക്കയിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിൽ തുല്യരായ ആളുകളുമായോ ലോക വേദി പങ്കിടരുതെന്നും ലോഗെസെൻ അതിനുശേഷം പറഞ്ഞു.
നൈജീരിയയുടെ ഫെഡറൽ ഏജൻസികളിലും കോടതികളിലും സുരക്ഷാ സേവനങ്ങളിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിൽ രാജ്യത്തിന്റെ വടക്കൻ, മധ്യ സംസ്ഥാനങ്ങളിൽ ഉടനീളം വംശഹത്യയും മതപരമായ പീഡനങ്ങളും നടത്താൻ ബുഹാരി അദ്ദേഹത്തിന്റെ സ്വന്തം ഫുലാനി ഗോത്രത്തെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു.
നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെ അനിയന്ത്രിതമായ അക്രമങ്ങൾ ഉണ്ടായിട്ടും തുടർച്ചയായ രണ്ടാം വർഷവും നൈജീരിയയെ മതപീഡനങ്ങൾ നടക്കുന്ന "പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ" പട്ടികയിൽ ഉൾപ്പെടുത്താത്തതിന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ ലോഗെസെൻ വിമർശിച്ചു.
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാക്കി മാറ്റി നൈജീരിയയിൽ വ്യാപകവും വ്യവസ്ഥാപിതവുമായ മതാധിഷ്ഠിത അക്രമങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നത്. പലായനത്തിലൂടെയോ ഉന്മൂലനത്തിലൂടെയോ അല്ലെങ്കിൽ ഇവ രണ്ടും നടത്തിയോ വടക്കൻ, മധ്യ സംസ്ഥാനങ്ങളെ അതിന്റെ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രചാരണം തുടരാൻ ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പച്ചക്കൊടി കാണിക്കുന്നുവെന്നും അവർ പറഞ്ഞു.
ആക്രമണത്തിനിരയായ വീടുകൾ നശിച്ച നിലയിൽ
സായുധ കൊള്ള സംഘങ്ങളും, ബൊക്കോഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികളുടെയും, ഫുലാനികളുടെയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്.
അതേസമയം നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെ ഈ ക്രിസ്തുമസ് കാലത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന്‍ മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് (സി.എസ്.ഡബ്ലിയു) മുന്നറിയിപ്പ് നല്‍കി. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളേക്കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.