വത്തിക്കാൻ സിറ്റി: തിന്മയിൽനിന്ന് അകന്ന് ജാഗ്രതയോടെ പ്രവർത്തിക്കാനും എല്ലായ്‌പ്പോഴും ഹൃദയത്തിന്റെ പരിവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായിരിക്കാനും ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം. യുദ്ധത്തിന്റെ ഉപകരണങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരുവാനും മാർപ്പാപ്പ ആവശ്യപ്പെട്ടു.
എല്ലാ വർഷവും ക്രിസ്തുമസിന് റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്ന കർദ്ദിനാൾമാർക്കും, മെത്രാന്മാർക്കും, വൈദികർക്കും അനുവദിക്കുന്ന പതിവ് കൂടിക്കാഴ്ചയുടെ വേളയിൽ നൽകിയ പ്രഭാഷണത്തിലാണ് പാപ്പയുടെ ആഹ്വാനം.

ഒരിക്കലും കർത്താവിന്റെ കൃപകൾ നിസ്സാരമായി കാണരുത്. നമ്മുടെ ഹൃദയത്തെ എപ്പോഴും പരിവർത്തനത്തിന്റെ പാതയിലൂടെ നയിക്കണം. അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും സമാധാനം സ്ഥാപിക്കുന്നവരായിരിക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.
തങ്ങൾ സുരക്ഷിതരാണെന്ന ചിന്തയിൽ നിന്ന് മാറി എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. ദൈവം നമുക്ക് നൽകുന്ന കൃപകൾക്ക് എപ്പോഴും നന്ദിയുള്ളവരായിരിക്കാനും ഒപ്പം ധാരാളിത്തമില്ലാതെ ആവശ്യകാര്യങ്ങൾ പരിഗണിച്ചുകൊണ്ട് ജീവിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലേക്കും പാപ്പ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
ലളിതവും അതിലേറെ ദരിദ്രവുമായ പുൽത്തൊട്ടിയിലെ യേശുവിന്റെ ജനനം ഓർമ്മിപ്പിച്ചുകൊണ്ട് ഓരോരുത്തർക്കും സ്വന്തം ജീവിതത്തിൽ അത്യാവശ്യമായിട്ടുള്ളവയിലേക്ക് മടങ്ങാനും അമിതമായതും ഒഴിവാക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മാർപ്പാപ്പ പറഞ്ഞു. ധാരാളിത്തം വിശുദ്ധിയുടെ പാതയിൽ സാധ്യമായ ഒരു തടസമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
കൃതജ്ഞത
ഏറ്റവും പ്രധാനപ്പെട്ട ആന്തരിക മനോഭാവം എന്ന് താൻ വിശേഷിപ്പിക്കുന്ന "കൃതജ്ഞത" എല്ലാവർക്കും ഉണ്ടാകണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
കർത്താവിന്റെ നന്മയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കുമ്പോൾ മാത്രമേ നാം അനുഭവിച്ചതോ സഹിച്ചതോ ആയ തിന്മയ്ക്കും ഒരു പേര് നൽകാൻ കഴിയൂ. ദൈവസ്നേഹം തിരിച്ചറിയാതെ നമ്മുടെ ദാരിദ്ര്യത്തെ കുറിച്ചുള്ള തിരിച്ചറിവ് നമ്മെ തകർത്തുകളയുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

"കൃതജ്ഞതയുടെ നിരന്തരമായ അനുഷ്‌ഠാനം ഇല്ലെങ്കിൽ അത് നമ്മളെ പരാജയങ്ങൾ മാത്രം പട്ടികപ്പെടുത്തുന്നതിലേക്ക് നയിക്കും. മാത്രമല്ല ഓരോ ദിവസവും കർത്താവ് നമുക്ക് നൽകുന്ന കൃപകൾ കാണുന്നതിനുള്ള കാഴ്ച നഷ്ടപ്പെടുകയും ചെയ്യും" പാപ്പ പറഞ്ഞു.
പരിവർത്തനം
മറ്റെന്തിനേക്കാളും മുമ്പ് കർത്താവിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സംഭവബഹുലമായ ഒരു വർഷത്തെ അനുസ്മരിച്ചുകൊണ്ട് മാർപ്പാപ്പ പറഞ്ഞു. വ്യക്തികൾ എന്ന നിലയിലോ സമൂഹമെന്ന നിലയിലോ ഇനി പരിവർത്തനം ആവശ്യമില്ലെന്ന് ചിന്തിക്കുന്നതാണ് നമുക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം.
പരിവർത്തനം ചെയ്യപ്പെടുക എന്നത് “സുവിശേഷ സന്ദേശം എങ്ങനെ ഗൗരവമായി എടുക്കാമെന്നും അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കണമെന്നും പുതിയതായി പഠിക്കുക എന്നതാണ്. അത് കേവലം തിന്മ ഒഴിവാക്കുക മാത്രമല്ല, നമ്മളാൽ കഴിയുന്ന എല്ലാ നന്മകളും ചെയ്യുക എന്നതുകൂടിയാണ്”
ജീവിതത്തിൽ നിരന്തരം ജാഗ്രതയോടെ പുലരുന്നതിന്റെ പ്രാധാന്യത്തെ പാപ്പ പ്രത്യേകം എടുത്തുപറഞ്ഞു. ദൈവസേവനത്തിനായി ജീവിക്കുന്ന ആളുകൾ നേരിടാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട അപകടം, ഇനിയും സുവിശേഷത്തെക്കുറിച്ച് കൂടുതൽ അറിയാനില്ലെന്ന ചിന്തയാണ്. എന്നാൽ സുവിശേഷത്തെ സംബന്ധിച്ചിടത്തോളം നാം എപ്പോഴും കുട്ടികളെപ്പോലെയാണ്.

"നമ്മൾ എല്ലാം പഠിച്ചു എന്ന മിഥ്യാബോധം നമ്മെ ആത്മീയ അഹങ്കാരത്തിലേക്ക് വീഴ്ത്തുന്നു" ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി.
സിനഡലിറ്റിയുടെ വെല്ലുവിളി
സഭയുടെ സിനഡലിറ്റിയെക്കുറിച്ചുള്ള നിലവിലെ ചിന്തകൾ ക്രിസ്തുവിന്റെ സന്ദേശം മനസ്സിലാക്കുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കുന്നില്ല എന്ന് എടുത്തുകാണിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി. എന്നാൽ ക്രിസ്തുവിന്റെ സന്ദേശം സജീവമായി നിലനിർത്താനും ഒരിക്കലും തടഞ്ഞുവെക്കപ്പെടാതിരിക്കാനുമുള്ള വെല്ലുവിളി നമുക്ക് പിന്നിൽ നിരന്തരമുണ്ടെന്നും പാപ്പ വിശദീകരിച്ചു.
വിശുദ്ധ പൗലോസിനെപ്പോലെ, ആയിരിക്കുന്ന ഇടങ്ങളിലെ ഭാഷാരീതികളിലേക്ക് സുവിശേഷത്തെ പരിഭാഷപ്പെടുത്തുക എന്നത് പ്രധാനപ്പെട്ടതാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. നാം അതിജീവിച്ചു എന്ന് കരുതുന്ന പ്രലോഭനങ്ങൾ മറ്റു രീതികളിൽ തിരികെ വരാമെന്നതിനാലാണ് ഇതുപോലെ തുടർച്ചയായുള്ള ഒരു മാറ്റം അനിവാര്യമാകുന്നത്.
തിന്മയുടെ വേരുകൾ ശാശ്വതമായി പിഴുതെറിയപ്പെടുമെന്ന് കരുതുന്നത് അറിവില്ലായ്മയാണ്. അതായത് ഒരിക്കൽ നാം പിഴുതെറിഞ്ഞു എന്നുകരുതുന്ന പാപങ്ങൾ മറ്റൊരു രൂപത്തിൽ നമ്മിലേക്ക് തന്നെ തിരികെ വരുന്നു. മുൻകാലങ്ങളിൽ തിന്മ പ്രാകൃതവും അക്രമാസക്തവുമായി കാണപ്പെട്ടുവെങ്കിൽ ഇപ്പോൾ അത് സുന്ദരവും പരിഷ്കൃതവുമായി നമ്മിലേക്ക് എത്തുന്നു.

ഈ സത്യം നമ്മൾ തിരിച്ചറിയുകയും ഒരിക്കൽ കൂടി അതിന്റെ മുഖംമൂടി അഴിച്ചുമാറ്റുകയും വേണമെന്ന് സമ്മേളനത്തിൽ ഒത്തുചേർന്നവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ജാഗ്രതയുടെ ആവശ്യകതയെ മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.
"ഈ 'സുന്ദരമായ ഭൂതങ്ങൾ' അങ്ങനെയാണ്, നമ്മുടെ അറിവില്ലാതെ നമ്മിലേക്ക് സുഗമമായി പ്രവേശിക്കുന്നത്. മനസാക്ഷിയുടെ ദൈനംദിന പരിശീലനത്തിലൂടെ മാത്രമേ അവയെക്കുറിച്ച് ബോധവാന്മാരാകാൻ നമുക്ക് കഴിയു" എന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
"നമ്മിലും നമ്മുടെ തന്ത്രങ്ങളിലും പദ്ധതികളിലും അമിതമായി വിശ്വാസമർപ്പിക്കുക" എന്ന പ്രലോഭനത്തിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് ക്രിസ്തുവിനെ എപ്പോഴും കേന്ദ്രസ്ഥാനത്ത് നിർത്താൻ ഫ്രാൻസിസ് മാർപ്പാപ്പ അവിടെ കൂടിയിരുന്നവരെ ഓർമ്മപ്പെടുത്തി.
ഒരു സഭ എന്ന നിലയിൽ നമ്മുടെ ചില വീഴ്ചകൾ ക്രിസ്തുവിനെ വീണ്ടും കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശക്തമായ ആഹ്വാനമാണ്. കാരണം യേശു പറയുന്നതുപോലെ 'എനിക്കൊപ്പമല്ലാത്തവൻ എനിക്ക് എതിരാണ്, എന്നോടൊപ്പം കൂടാത്തവൻ ചിതറിപ്പോകുന്നു" എന്ന് പാപ്പ കൂട്ടിച്ചേർത്തു
യുദ്ധത്തിന്റെ കാഹളം അവസാനിക്കട്ടെ
ഉക്രൈനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഉൾപ്പെടെ ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന എല്ലാ യുദ്ധങ്ങളിലേക്കും, സാധാരണ ജനങ്ങൾക്ക് നഷ്ടമാകുന്ന സമാധാനത്തിലേക്കും പാപ്പ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
"മരണം, വിഭജനം, സംഘർഷം, നിരപരാധികളായ കഷ്ടപ്പാടുകൾ എന്നിവ എവിടെയൊക്കെ വാഴുന്നുവോ, അവിടെ ക്രൂശിക്കപ്പെട്ട യേശുവിനെ മാത്രമേ നമുക്ക് കാണാൻ കഴിയൂ" എന്ന് ദൈവശാസ്ത്രജ്ഞനായ ബോൻഹോഫ്ഫ്‌റിനെ അധികരിച്ച് ഫ്രാൻസിസ് മാർപ്പാപ്പ ഉദ്‌ബോധിപ്പിച്ചു.
യുദ്ധത്തിന്റെ കാഹളം അവസാനിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. “യുദ്ധവും അക്രമവും എപ്പോഴും ഒരു ദുരന്തമാണ്. മതം കലഹങ്ങൾ വളർത്താൻ വഴങ്ങരുത്. സുവിശേഷം എപ്പോഴും സമാധാനത്തിന്റെ സുവിശേഷമാണ്. ഒരു ദൈവത്തിന്റെ നാമത്തിലും ഒരു യുദ്ധം 'വിശുദ്ധ'മാണെന്ന് പ്രഖ്യാപിക്കാൻ ആർക്കും കഴിയില്ല" മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.
"സമാധാനത്തിന്റെ സംസ്കാരം ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഇടയിൽ മാത്രം കെട്ടിപ്പടുക്കപ്പെട്ടതല്ല. അത് ആരംഭിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ നിന്നാണ്. യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും വ്യാപനത്തിൽ നാം വേദനിക്കുന്നതുപോലെ, നമുക്ക് ചുറ്റുമുള്ള സഹോദരീസഹോദരന്മാരോടുള്ള എല്ലാ വിദ്വേഷവും നീരസവും ഹൃദയത്തിൽ നിന്ന് പിഴുതെറിയാൻ പരിശ്രമിച്ചുകൊണ്ട് സമാധാനത്തിനായി നമ്മുടെ സ്വന്തം സംഭാവന നൽകാം"

മിസൈലുകൾ ഉപയോഗിച്ച് മാത്രമല്ല, വാക്കുകളാലും ആധികാരദുർവിനിയോഗത്താലും, കുറ്റം പറച്ചിലുകളാലും ഉള്ള യുദ്ധങ്ങളും അവസാനിക്കണമെന്ന് പാപ്പ കൂട്ടിച്ചേർത്തു. യുദ്ധങ്ങൾ അവസാനിക്കാൻ ക്ഷമയുടെ ആവശ്യമുണ്ടെന്നും, അതില്ലെങ്കിൽ നീതി എന്നത് പ്രതികാരത്തിലൂടെ നേടിയെടുക്കുന്നതായും, സ്നേഹം എന്നത് ബലഹീനതയുടെ ഒരു രൂപമായി കണക്കാക്കപ്പെടുമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ലോകത്തിലേക്ക് കടന്നുവരുന്ന സമാധാനത്തിന്റെ രാജകുമാരനുമുൻപാകെ അക്രമത്തിന്റെ ആയുധങ്ങൾ ഉപേക്ഷിക്കാനും, ആരും തങ്ങളുടെ സ്ഥാനമാനങ്ങൾ ഉപയോഗിച്ച് മറ്റൊരാളെ അപകീർത്തിപ്പെടുത്താതിരിക്കാനും പാപ്പ ആഹ്വാനം ചെയ്തു.
"യുദ്ധത്തിന്റെ മുരൾച്ച അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴിമാറണമെന്ന് നമുക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ, നമ്മൾ ഓരോരുത്തരും സ്വയം പരിവർത്തനം ചെയ്തുകൊണ്ട് ആരംഭിക്കണം" എന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ദയ, കരുണ, ക്ഷമ
ദയ, കരുണ, ക്ഷമ എന്നിവ സമാധാനം കെട്ടിപ്പടുക്കുന്നതിനായി വിശുദ്ധ പൗലോസ് ചൂണ്ടിക്കാണിച്ച "മരുന്ന്" ആണെന്നും ഫ്രാൻസിസ് മാർപ്പാപ്പ എടുത്തുപറഞ്ഞു.
ദയ നമ്മുടെ പരസ്‌പരബന്ധത്തിന്റെ വഴിയിൽ എപ്പോഴും നന്മ തിരഞ്ഞെടുക്കുന്നതാണ്. കരുണ, മറ്റുള്ളവർക്കും അവരുടെ പരിമിതികളുണ്ടെന്ന വസ്തുത അംഗീകരിക്കുന്നു. ക്ഷമ എപ്പോഴും മറ്റുള്ളവർക്ക് രണ്ടാമതൊരു അവസരം നൽകുന്നുതും നിരവധി പരിശ്രമങ്ങളിലൂടെയാണ് ഒരുവൻ വിശുദ്ധനാകുന്നതെന്ന് മനസിലാക്കുന്നതുമാണെന്നും പാപ്പ വിശദീകരിച്ചു.
“ദൈവം നമ്മിൽ ഓരോരുത്തരോടും ക്ഷമിക്കുന്നു; അവൻ വീണ്ടും നമ്മെ സ്വന്തം കാലിൽ നിർത്തുന്നു; എപ്പോഴും നമുക്ക് മറ്റൊരു അവസരം നൽകുന്നു. അതുകൊണ്ട് നമ്മളും അതുതന്നെ ചെയ്യണം. കൃതജ്ഞതയും പരിവർത്തനവും സമാധാനവും ഈ ക്രിസ്തുമസിന്റെ സമ്മാനങ്ങളായിരിക്കട്ടെ" ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിച്ചു.
കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.